സൗരവ് ഗാംഗുലിക്കും മഹേന്ദ്രസിംഗ് ധോനിക്കും ശേഷം ഇന്ത്യൻ ടീമിൻ്റെ നായകനെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ താരമാണ് വിരാട് കോലി. നായകനെന്ന നിലയിൽ വമ്പൻ കിരീടനേട്ടങ്ങൾ ഒന്നും തന്നെ സ്വന്തമാക്കാനായില്ലെങ്കിലും ടെസ്റ്റ് റാങ്കിങ്ങിൽ ടീമിനെ ഒന്നാമതെത്തിച്ചതടക്കം ഒട്ടേറെ നേട്ടങ്ങൾ കോലിയുടെ നായകത്വത്തിന് കീഴിൽ ഇന്ത്യ സ്വന്തമാക്കി. എന്നാൽ ഐസിസി കിരീടനേട്ടങ്ങളില്ലാത്തതിൻ്റെ പേരിൽ തന്നെ മോശം നായകനായാണ് ആളുകൾ കാണുന്നതെന്ന് കോലി പറയുന്നു.
നമ്മൾ ടൂർണമെൻ്റുകൾ കളിക്കുന്നത് കപ്പടിക്കാൻ വേണ്ടിതന്നെയാണ്. ഞാൻ ഇന്ത്യയെ 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്കും 2019 ലോകകപ്പിൻ്റെ സെമിയിലേക്കും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്കും എത്തിച്ച ക്യാപ്റ്റനാണ്. 4 ടൂർണമെൻ്റുകളിലാണ് ഞാൻ ടീമിനെ നയിച്ചത്. ഇതിൽ ഒരു കിരീടം നേടാനാകാതെ വന്നതോടെ ഞാൻ പരാജിതനായ നായകനായാണ് വിലയിരുത്തപ്പെടുന്നത്. കോലി പറഞ്ഞു.
എന്നാൽ ഞാൻ എന്നെ അങ്ങനെ ഒരു മനോഭാവത്തോടെ ഒരിക്കലും നോക്കികണ്ടിട്ടില്ല. ടീമിനായി നായകൻ എന്ന നിലയിൽ നേടിയതും ടീമിൻ്റെ ശൈലിയിൽ കൊണ്ടുവന്നമാറ്റവുമെല്ലാം എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യങ്ങളാണ്. ഒരു ടൂർണമെൻ്റിൻ്റെ ആയുസ് ചെറിയ കാലമാണ്. എന്നാൽ ടീമിനായുള്ളനേട്ടങ്ങൾ കാലാകാലങ്ങളിൽ നിലനിൽക്കും. 2011 ലോകകപ്പ് നേടിയ ടീമിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച് ഭാഗ്യമാണെന്നും കോലി പറഞ്ഞു. ആർസിബി പോഡ്കാസ്റ്റിലാണ് കോലി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.