ഇന്ത്യാ വിൻഡീസ് മത്സരത്തിൽ ഇന്ത്യയുടെ ആദ്യവിക്കറ്റ് വീണപ്പോൾ ഇന്ത്യൻ ആരാധകർ മൊത്തം പ്രതീക്ഷിച്ചത് കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയിരുന്ന ഇന്ത്യൻ നായകൻ കോലിയുടെ വരവായിരുന്നു. എന്നാൽ ക്രീസിലെത്തിയത് ആദ്യമായി ടോപ്പ് ഓർഡറിൽ സ്ഥാനകയറ്റം ലഭിച്ച ഇന്ത്യൻ ബാറ്റിങ് താരം ശിവം ദുബെയും. തനിക്ക് ലഭിച്ച സ്ഥാനകയറ്റത്തിന്റെ സമ്പൂർണ ഉത്തരവാദിത്തവും നിറവേറ്റിയുള്ള പ്രകടനമായിരുന്നു പിന്നീട് ദുബെ മത്സരത്തിൽ കാഴ്ചവെച്ചത്. ഇന്നിങ്സിൽ ആയാസപൂർണമായ ബാറ്റിങ് വഴി ദുബെ പലപ്പോഴും മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്ങിനെയാണ് ഓർമ്മിപ്പിച്ചത്.
കാര്യവട്ടത്തെ വേഗം കുറഞ്ഞ പിച്ചിൽ രോഹിത്തും കോലിയുമടക്കം ബുദ്ധിമുട്ടിയപ്പോൾ വെടിക്കെട്ട് പ്രകടനമാണ് ദുബെ നടത്തിയത്. ഇതിനിടയിൽ ഒരോവറിൽ ആറ് സിക്സറുകൾ പറത്തിയ യുവരാജ് സിങിന്റെ ഐതിഹാസികമായ ഇന്നിങ്സിനെ ഓർമിപ്പിച്ചുകൊണ്ട് തുടർച്ചയായി മൂന്ന് സിക്സറുകൾ പൊള്ളാഡിനെതിരെ ദുബെ കണ്ടെത്തുകയും ചെയ്തു. യുവി സ്റ്റൈലില്‍ ഓഫ്‌സൈഡിലും ലെഗ്‌സൈഡിലും സിക്‌സര്‍ പറക്കുന്ന സുന്ദരമായ കാഴ്ച.
ഇംഗ്ലണ്ടിനെതിരെ യുവരാജിനെ പ്രകോപിപ്പിച്ചതാണ് സിക്സ് മഴക്ക് കാരണമായതെങ്കിൽ വിൻഡീസ് ക്യാപ്റ്റൻ കൂടെയായ പൊള്ളാഡാണ് എട്ടാം ഓവറിൽ വിക്കറ്റിന്റെ ഇടയിലുള്ള ഓട്ടത്തിൽ ദേഹത്ത് തട്ടിയെന്ന പേരിൽ മത്സരത്തിൽ ദുബെയെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് ദുബെ മത്സരത്തിൽ തന്റെ വിശ്വരൂപം പുറത്തെടുത്തത്. ആ ഒരൊറ്റ ഓവറിൽ മൂന്ന് സിക്സറുകൾ അടക്കം 26 റൺസ്. ആരാധകർ എങ്ങനെ തങ്ങളുടെ പ്രിയപ്പെട്ട യുവരാജിനെ ഓർക്കാതിരിക്കും.
എന്നാൽ ടി20യിലെ കന്നി ഫിഫ്റ്റി സ്വന്തമാക്കിയ താരം 11മത് ഓവറിൽ വാൽഷിന്റെ പന്തിൽ ഹെറ്റ്മെയർക്ക് ക്യാച്ച് നൽകി മടങ്ങി. ഇതിനിടയിൽ ടീമിന്റെ നെടുംതൂണായ പ്രകടനത്തിലൂടെ 34 പന്തിൽ നിന്നും 54 റൺസ് താരം അടിച്ചെടുക്കുകയും ചെയ്തിരുന്നു. ദുബെയെ നേരത്തെയിറക്കിയ കോലിയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി ആരാധകരാണ് മത്സരശേഷം രംഗത്തെത്തിയത്.