ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ താരങ്ങൾക്കിടയിൽ തന്നെ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന മാധ്യമ റിപ്പോർട്ടുകളെ തന്നെ കോച്ച് രവിശാസ്ത്രിയും നായകൻ വിരാട് കോഹ്ലിയും. ലോകകപ്പ് തോൽവിക്ക് പിന്നാലെ നായകനും ഉപനായകനും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടെന്നും ഇത് ടീമിലെ മറ്റ് അംഗങ്ങളെ രണ്ട് ചേരിയിലേക്ക് തിരിക്കാൻ കാരണമായെന്നുമുള്ള റിപ്പോർട്ടുകളാണ് കോഹ്ലിയും കോച്ചും തള്ളിയത്. ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു കോഹ്ലിയുടെ തുറന്നു പറച്ചിൽ.
ടീമിലെ അന്തരീക്ഷം ശരിയല്ലെങ്കിൽ ഇത്രയധികം വിജയങ്ങൾ നേടാൻ ടീമിന് എങ്ങനെ സാധിക്കുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ച് നോക്കണമെന്നായിരുന്നു കോഹ്ലി പ്രതികരിച്ചത്. ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
വ്യക്തിപരമായ കാര്യങ്ങൾ പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോയെന്നും കോഹ്ലി ചോദിക്കുന്നു. രോഹിത് ശർമ അനുഷ്ക ശർമയേയും കോഹ്ലിയേയും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത വിഷയം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതും കോഹ്ലിയെ ചൊടിപ്പിച്ചിരിക്കുകയാണ്.
വിദേശ പര്യടനങ്ങൾക്കു പുറപ്പെടും മുൻപ് പതിവുള്ള വാർത്താ സമ്മേളനം ഇത്തവണ കോലി നടത്തില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കോഹ്ലി പതിവ് തെറ്റിച്ചില്ല. രോഹിത് ശർമയും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ, വിൻഡീസ് പര്യടനത്തിനു മുന്നോടിയായുള്ള ഈ വാർത്താസമ്മേളനത്തെ ആരാധകർ ആകാംഷയോടെയായിരുന്നു നോക്കിയിരുന്നത്. ഏതായാലും രോഹിത് - കോഹ്ലി ആരാധകർ സന്തോഷത്തിലാണ്.