കുട്ടിക്രിക്കറ്റിലെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കി പാകിസ്ഥാന്റെ ബാറ്റിങ് സെൻസേഷനും നായകനുമായ ബാബർ അസം. യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇത്തവണ താരം തിരുത്തിയത്.
ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7,000 റൺസുകൾ സ്വന്തമാക്കിയ താരമെന്ന റെക്കോഡാണ് ബാബർ അസം തന്റെ പേരിലാക്കിയത്.ടി20 ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാകിസ്ഥാനിൽ നടക്കുന്ന ടി20 പോരാട്ടത്തിലാണ് ബാബർ 7000 ടി20 റൺസുകൾ എന്ന നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 59 റൺസുമായി താരം പുറത്താവാതെ നിന്നു.
187 ഇന്നിങ്സുകളിൽ നിന്നാണ് ബാബറിന്റെ 7000 റൺസ് നേട്ടം. ഇത്രയും റൺസുകളിലെത്താൻ ക്രിസ് ഗെയ്‌ലിന് വേണ്ടി വന്നത് 192 ഇന്നിങ്സുകളായിരുന്നു. നേരത്തെ ഇതേ ടൂർണമെന്റിൽ സെഞ്ചുറി നേടിയ ബാബർ ഏറ്റവും കൂടുതൽ ടി20 സെഞ്ചുറികൾ നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളിയിരുന്നു.
ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാബർ. രോഹിത് ശർമ,ഷെയ്‌ൻ വാട്‌സൺ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.