ചോദിക്കാതെ റിവ്യു എടുത്തു; റിസ്വാനോട് ചൊടിച്ച് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (വീഡിയോ)
ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരത്തിനിടെ ചില നാടകീയ രംഗങ്ങള്‍ അരങ്ങേറി. 16-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരമാണ് ഇന്നലെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ശ്രീലങ്ക അഞ്ച് വിക്കറ്റിന് ജയിച്ചു. 19.1 ഓവറില്‍ 121 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ടായപ്പോള്‍ ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അത് മറികടന്നു. ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിലും ശ്രീലങ്കയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.
ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരത്തിനിടെ ചില നാടകീയ രംഗങ്ങള്‍ അരങ്ങേറി. 16-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. പാക്കിസ്ഥാന് വേണ്ടി ഹസന്‍ അലിയാണ് പന്തെറിഞ്ഞത്. ശ്രീലങ്കന്‍ താരം ഷനകയായിരുന്നു ക്രീസില്‍. ഹസന്‍ അലിയുടെ പന്ത് വളരെ വേഗത്തില്‍ കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തി. ഷനകയുടെ ബാറ്റില്‍ ഉരസിയാണ് പന്ത് തന്റെ കൈകളിലെത്തിയതെന്ന് റിസ്വാന്‍ ഉറപ്പിച്ചു. അത് ഔട്ടാണെന്നായിരുന്നു റിസ്വാന്റെ നിലപാട്. വിക്കറ്റിനു വേണ്ടി റിസ്വാന്‍ അപ്പീല്‍ ചെയ്തു. അതിനിടെ റിവ്യു വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അംപയര്‍ ഉടന്‍ തന്നെ തേര്‍ഡ് അംപയറുടെ സഹായം തേടി.
അപ്പോഴാണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ചൊടിച്ചത്. 'ഞാനാണ് ക്യാപ്റ്റന്‍' എന്ന് ബാബര്‍ അസം അംപയറോട് പറയുന്നത് വീഡിയോയില്‍ കാണാം. താന്‍ പറയാതെ എന്തിനാണ് റിവ്യു കൊടുത്തതെന്നാണ് ബാബര്‍ തിരക്കിയത്. റിസ്വാനോടും ബാബര്‍ ഇതേ ചോദ്യം ഉന്നയിച്ചു.
എന്തായാലും തേര്‍ഡ് അംപയറുടെ തീരുമാനം പാക്കിസ്ഥാന് തിരിച്ചടിയായി. അത് ഔട്ടല്ലെന്ന് റിവ്യുവില്‍ തെളിഞ്ഞു. പാക്കിസ്ഥാന്റെ ഒരു റിവ്യു പാഴാകുകയും ചെയ്തു.