ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ബൗളിംഗ് ശക്തി കൂട്ടാനൊരുങ്ങി ഇന്ത്യ. ബൗളിംഗ് മെച്ചപ്പെടുത്താനായി വലം കയ്യന്‍ പേസര്‍ ആവേശ് ഖാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ മുഹമ്മദ് ഷമിയുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം ടീമിനൊപ്പം ചേരാനായിരുന്നില്ല.
രണ്ടാം ടെസ്റ്റ് മത്സരത്തിലും ഷമിയ്ക്ക് ടീമിനൊപ്പം ചേരാനാകില്ലെന്ന് വ്യക്തമായതോടെയാണ് ആവേശ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി 3 മുതല്‍ 7 വരെ കേപ്ടൗണിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ആവേശ് ഖാന് നടത്തിയിരുന്നത്.