Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോഹ്‌ലിയുണ്ടായിട്ടും ശാസ്‌ത്രി ദുരന്തമാകുന്നത് ഇക്കാരണങ്ങളാല്‍; ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പേ മുന്‍‌കൂര്‍ ജാമ്യമെടുക്കുന്ന പരിശീലകന്‍ എന്തിന് ?

കോഹ്‌ലിയുണ്ടായിട്ടും ശാസ്‌ത്രി ദുരന്തമാകുന്നത് ഇക്കാരണങ്ങളാല്‍; ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പേ മുന്‍‌കൂര്‍ ജാമ്യമെടുക്കുന്ന പരിശീലകന്‍ എന്തിന് ?

കോഹ്‌ലിയുണ്ടായിട്ടും ശാസ്‌ത്രി ദുരന്തമാകുന്നത് ഇക്കാരണങ്ങളാല്‍; ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പേ മുന്‍‌കൂര്‍ ജാമ്യമെടുക്കുന്ന പരിശീലകന്‍ എന്തിന് ?

ജിബിന്‍ ജോര്‍ജ്

മുംബൈ , തിങ്കള്‍, 19 നവം‌ബര്‍ 2018 (16:00 IST)
ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയിലേക്ക് നോക്കിയാല്‍ അതിശയം തോന്നും, ബോളര്‍മാരുടെ പ്രകടനം നോക്കിയാല്‍ ലോകോത്തരവും. യുവതാരങ്ങളുടെ തള്ളിക്കയറ്റം മൂലം രോഹിത് ശര്‍മ്മയ്‌ക്ക് പോലും സ്ഥിരം സീറ്റില്ലാത്ത ടീം. ഇതാണ് നിലവിലെ ടീം ഇന്ത്യ.

പൃഥ്വി ഷായുടെ കടന്നു വരവോടെ ടെസ്‌റ്റില്‍ രോഹിത്തിന്റെ സ്ഥാനമിളകി. റിഷഭ് പന്തിന്റെ ബാറ്റിംഗ് ‘സ്‌ഫോടന’ത്തില്‍ സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയും ഏറെക്കുറെ ടീമില്‍ നിന്നും പുറത്തായി. ഒന്നാം നമ്പര്‍ ബാറ്റ്‌സ്‌മാന്‍ വിരാട് കോഹ്‌ലി മുതല്‍ ഡെത്ത് ഓവറിലെ ഏറ്റവും ഭയക്കേണ്ട ബോളറെന്ന പട്ടം സ്വന്തമാക്കിയ ജസ്‌പ്രിത് ബുമ്രവരെ അണിനിരക്കുന്ന ഈ ടീമിനെ വിശ്വാസമില്ലാത്തത് പരിശീലകന്‍ രവി ശാസ്‌ത്രിക്കാണെന്നതാണ് ശ്രദ്ധേയം.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്നതിന് മുമ്പായി മുന്‍ ഇന്ത്യന്‍ താരം കൂടിയായ രവി ശാസ്‌ത്രി പറഞ്ഞ വാക്കുകളാണ് ആരാധകരില്‍ എതിര്‍പ്പുണ്ടാക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ജയിക്കേണ്ട അനിവാര്യതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി വിദേശ പര്യടനങ്ങളില്‍ എല്ലാ ടീമുകളുടെയും പ്രകടനം മോശമാണെന്നാണ്.

ഓസീസ് പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശാസ്‌ത്രി മുന്‍‌കൂര്‍ ജാമ്യമെടുത്തത്. സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസ്‌ട്രേലിയ ശക്തമായ ടീമല്ല. തോല്‍‌വികളില്‍ ഉലയുന്ന ഈ ടീമിനെതിരെ ജയിക്കുമെന്ന ഉറപ്പ് നല്‍കാന്‍ പോലും പരിശീലകനാകുന്നില്ല എന്നതാണ് ശ്രദ്ധേയം.

ഓസ്‌ട്രേലിയന്‍ ടൂറില്‍ ശാസ്‌ത്രി മുന്‍‌കൂര്‍ ജാമ്യമെടുക്കാനുള്ള കാരണങ്ങള്‍ നിരവധിയാണ്.

ദക്ഷിണാഫ്രിക്കയില്‍ 2 - 1നും ഇംഗ്ലണ്ടില്‍ 4 -1നും തോല്‍‌വി ഏറ്റുവാങ്ങിയതാണ് ശാസ്‌ത്രിയെ ഭയപ്പെടുത്തുന്ന പ്രധാന കാരണം. നാല് ടെസ്‌റ്റുകളാണ് പേസും ബൌണ്‍സും നിറഞ്ഞ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഇന്ത്യക്ക് കളിക്കേണ്ടത്. പേരുകേട്ട താരങ്ങളൊന്നും എതിര്‍പാളയത്തില്‍ ഇല്ലെങ്കിലും ശാസ്‌ത്രി ഭയക്കുന്നത് ഈ പിച്ചുകളെയാണ്.

അഡ്‌ലെയ്ഡ്, പെര്‍ത്ത്, മെല്‍‌ബണ്‍, സിഡ്‌നി എന്നിവടങ്ങളിലാണ് ടെസ്‌റ്റ് മത്സരങ്ങള്‍. നാലും പേസിനും ബൌണ്‍സിനും പേരുകേട്ട നിലം. പ്രതീക്ഷകള്‍ കോഹ്‌ലിയില്‍ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്ക പരിശീലകന്റെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആത്മ വിശ്വാസത്തില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്‌റ്റന്‍ സൌരവ് ഗാംഗുലി ആവശ്യപ്പെടുന്നത്. അതേസമയം, കങ്കാരുക്കളുടെ നാട്ടില്‍ ഇന്ത്യക്ക് ജയിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഓസീസ് ആദ്യം ബാറ്റ് ചെയ്യുകയും 350ന് അടുത്തോ അതിനു മുകളിലോ സ്‌കോര്‍ ചെയ്യുകയോ ചെയ്‌താല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം സ്‌റ്റീവ് വോ വ്യക്തമാക്കാനുള്ള കാരണം പേസ് പിച്ചുകള്‍ മുന്നില്‍ കണ്ടാണ്. സ്‌മിത്തും വാര്‍ണറും ഇല്ലെങ്കിലും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ നേട്ടവും, ഏതു ടീമിനോടും കിടപിടിക്കുന്ന ബോളിംഗ് നിര സ്വന്തമായുള്ളതും ഓസീസിനെ അപകടകാരികളാക്കുമെന്നാണ് വോ വ്യക്തമാക്കുന്നത്.

സ്മിത്തും വാര്‍ണറുമില്ലെങ്കിലും ഓസ്ട്രേലിയയില്‍ ഇത്തവണ ഇന്ത്യ പരമ്പര നേടില്ലെന്ന് ഗ്ലെന്‍ മക്‌ഗ്രാത്തും പറയുന്നത്. പരമ്പര ഓസ്ട്രേലിയ 4-0ന് തൂത്തുവാരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ആവേശത്തില്‍ പറഞ്ഞ വാക്കുകളും ശാസ്‌ത്രിയെ ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദേശത്ത് പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെ തള്ളി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. നിലവിലെ ടീം മികച്ചതാണെങ്കിലും ടെസ്‌റ്റ് ടീമിനെക്കുറിച്ച് അങ്ങനെ പറയാനാകില്ലെന്നും വിദേശ പരമ്പരകളില്‍ വിജയങ്ങള്‍ തുടര്‍ന്നാല്‍ മാത്രമേ ടീം ശക്തമാണ് പറയാന്‍ സാധിക്കൂ എന്നുമാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.

ഈ സാഹചര്യങ്ങളാണ് ഓസീസ് പര്യടനത്തിന് മുമ്പേ മുന്‍‌കൂര്‍ ജാമ്യമെടുക്കാന്‍ ശാസ്‌ത്രിയെ പ്രേരിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പരാജയത്തിനു പിന്നാലെ ഇംഗ്ലണ്ടിലെ നാണംകെട്ട തോല്‍‌വിയും പരിശീലക സ്ഥാനത്തിന് ഇളക്കമുണ്ടാക്കിയിരുന്നു. ഈ ഭയമാണ് കോടികള്‍ പ്രതിഫലം വേണമെന്ന് വാദിക്കുന്ന ശാസ്‌ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി വിമര്‍ശകര്‍ ഇതൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ; തുറന്നടിച്ച് കപില്‍