ജനുവരിയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തിനുള്ള ഓസീസിന്റെ 14 അംഗ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. 2020 ജനുവരിയിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഓസീസ് ഇന്ത്യയിൽ കളിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ടീമിൽ നിരവധി മാറ്റങ്ങളുമായാണ് ഓസീസ് ഇത്തവണ ഇന്ത്യൻ മണ്ണിൽ ഇറങ്ങുന്നത്. ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന 7 പേർ നിലവിൽ പ്രഖ്യാപിച്ച ടീമിൽ ഉൾപ്പെട്ടിട്ടില്ല.
ഗ്ലെൻ മാക്സ്‌വെൽ,ഉസ്മാൻ ഖ്വാജ,ഷോൺ മാർഷ്,സ്റ്റോയ്‌ണിസ്,കോൾട്ടെൽ നൈൽ, സ്പിന്നർ നതാൻ ലിയോൺ എന്നിവരാണ് ഇന്ത്യൻ സംഘത്തിൽ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ താരങ്ങൾ.
എന്നാൽ ഓസീസ് ക്രിക്കറ്റിന്റെ പുതിയ പ്രതീക്ഷയായ മാർനസ് ലംബുഷെയ്‌ൻ ആദ്യമായി ഏകദിനടീമിൽ ഇടം നേടിയെന്ന പ്രത്യേകതയും പുതിയ ടീമിനുണ്ട്. നിലവിൽ ഐ സി സി യുടെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലംബുഷെയ്‌ൻ. മികച്ച ഫോമിൽ കളിക്കുന്ന താരം ഇന്ത്യൻ ബൗളർമാർക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് കരുതുന്നത്. ബാറ്റ്സ്മാനായി മാത്രമല്ല മൂന്നാം സ്പിന്നറായും ഓസീസ് കണ്ടുവെച്ചിരിക്കുന്ന താരമാണ് ലംബുഷെയ്‌ൻ. ആദം സാമ്പയും ആഷ്ടൺ ടേണറുമാണ് മറ്റ് സ്പിന്നർമാർ.
ലംബുഷെയ്‌ൻ കൂടി ടീമിലെത്തുന്നതോടെ ശക്തമായ ബാറ്റിങ് നിരയെയായിരിക്കും പരമ്പരയിൽ ഇന്ത്യക്ക് നേരിടേണ്ടിവരിക. പാറ്റ് കമ്മിൻസ്,ഹേസൽവുഡ്, സ്റ്റാർക്ക് എന്നിവരടങ്ങുന്ന ശക്തമായ പേസർമാരുടെ നിരയും ഓസീസിനുണ്ട്. ജനുവരി 14 ന് മുംബൈയിലാണ് ഇന്ത്യാ ഓസീസ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ഏകദിനം 17ന് രാജ്കോട്ടിലും മൂന്നാം ഏകദിനം 19ന് ബാംഗ്ലൂരിലും നടക്കും