ഏഷ്യാകപ്പ് സെമിഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. 81 റണ്‍സ് എന്ന ചുരുങ്ങിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പതിനൊന്നാം ഓവറില്‍ തന്നെ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മറികടന്നു. 39 പന്തില്‍ 55 റണ്‍സുമായി സ്മൃതി മന്ദാനയും 28 പന്തില്‍ 26 റണ്‍സുമായി ഷെഫാലി വര്‍മയും പുറത്താകാതെ നിന്നു.
ഒരു സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ പ്രകടനം. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ബംഗ്ലാദേശിന് കാര്യമായി ഒന്നും തന്നെ മത്സരത്തില്‍ ചെയ്യാനായില്ല. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗാര്‍ സുല്‍ത്താന മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നാലോവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രേണുകയുടെ 3 വിക്കറ്റ് നേട്ടം. പൂജ വസ്ത്രാല്‍ക്കര്‍,ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍- ശ്രീലങ്ക മത്സരത്തിലെ വിജയിയെയാകും ഇന്ത്യ ഏറ്റുമുട്ടുക. പാകിസ്ഥാന്‍ വിജയിക്കുകയാണെങ്കില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് ഫൈനല്‍ പോരാട്ടം ഇത്തവണ ഏഷ്യാകപ്പില്‍ കാണാനാവും.