ഇന്ത്യന്‍ ടി20 ടീമില്‍ തുടര്‍ച്ചയായ 2 സെഞ്ചുറി പ്രകടനങ്ങള്‍ കൊണ്ട് ഓപ്പണര്‍ റോളില്‍ സഞ്ജു സാംസണ്‍ തിളങ്ങിയതോടെ സഞ്ജുവിന്റെ മോശം ദിവസങ്ങള്‍ അവസാനിച്ചെന്ന് കരുതിയവരായിരുന്നു സഞ്ജു ആരാധകരെല്ലാം തന്നെ. എന്നാല്‍ തുടര്‍ച്ചയായ സെഞ്ചുറി പ്രകടനങ്ങള്‍ക്ക് പിന്നാലെ വന്നത് തുടര്‍ച്ചയായ 2 പൂജ്യങ്ങളായിരുന്നു. ഇതോടെ സഞ്ജുവിന്റെ സ്ഥിരതയ്ക്ക് മുകളിലുള്ള ചോദ്യങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
നേരത്തെ സഞ്ജു തുടര്‍ച്ചയായ 2 സെഞ്ചുറികള്‍ നേടിയപ്പോള്‍ സഞ്ജുവിന്റെ പിതാവ് നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യയിലെങ്ങും വാര്‍ത്തയാണ്. 2 സെഞ്ചുറികള്‍ തുടര്‍ച്ചയായി സ്വന്തമാക്കിയതോടെ ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹേന്ദ്ര സിംഗ് ധോനി, രോഹിത് ശര്‍മ, വിരാട് കോലി,രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ചേര്‍ന്ന് സഞ്ജുവിന്റെ 10 വര്‍ഷത്തെ കരിയര്‍ നശിപ്പിച്ചെന്ന് സഞ്ജു സാംസണിന്റെ പിതാവ് വികാരാധീനനായി പറഞ്ഞിരുന്നു.
കേരളത്തില്‍ മാത്രമായി ഈ വാര്‍ത്ത ഒതുങ്ങിയിരുന്നെങ്കിലും സഞ്ജു തുടര്‍ച്ചയായി നിരാശപ്പെടുത്തിയതോടെ ഈ വാര്‍ത്ത ഇന്ത്യയിലെ മറ്റിടങ്ങളിലെല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്. സഞ്ജു ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ലെന്നിരിക്കെ പിതാവിന്റെ പരാമര്‍ശം അനവസരത്തിലാണെങ്കിലും പിതാവിന്റെ വാക്കുകള്‍ സഞ്ജുവിന് ഭാവിയില്‍ ദോഷം ചെയ്യുമെന്നും ആരാധകര്‍ പറഞ്ഞിരുന്നു. സഞ്ജുവിന്റെ ഭാഗത്ത് നിന്ന് 2 മോശം ഇന്നിങ്ങ്‌സുകള്‍ വന്നപ്പൊള്‍ തന്നെ സഞ്ജുവിന്റെ പിതാവിന്റെ വാക്കുകളാണ് നോര്‍ത്ത് ഇന്ത്യയില്‍ സംസാരവിഷയമായത്. വരാനിരിക്കുന്ന ടി20 മത്സരത്തിലും സഞ്ജുവിന് തിളങ്ങാനാവാതെ വന്നാല്‍ വീണ്ടും സഞ്ജു തുടങ്ങിയ അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തുന്ന സ്ഥിതിയിലാകുമെന്നും ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.