ഐ പി എല്ലിൽ നോ-ബോളുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീവി അമ്പയർ പരിഷ്കാരം നിലവിൽ വരുന്നതായി സൂചന. കഴിഞ്ഞ ദിവസം ചെയർമാൻ ബ്രിജേഷ്പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിലിലാണ്ഇതിനെ പറ്റിയുള്ള ചർച്ചകൾ ഉയർന്നത്. സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ഉപയോഗിച്ചുകൊണ്ട് കഴിവതും തെറ്റുകൾ കുറക്കുക എന്ന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
എന്നാൽ ഏറെ കൊട്ടിഘോഷിച്ച പവർപ്ലേയർ സംവിധാനം ഉടനെ നടപ്പിലാക്കില്ല. മോശം അമ്പയറിങ്ങിനെ തുടർന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് അമ്പയറിങ് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡി ആർ എസ് സംവിധാനം നിലവിൽ വരുന്നത്. ഐപിഎൽ പോലെ ആവേശകരമായ മത്സരങ്ങളിൽ മോശം അമ്പയറിങിനെ കുറിച്ച് നിരവധി പരാതികളാണ് ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് നോ-ബോൾ അമ്പയർ എന്നത് ചർച്ചയായിരിക്കുന്നത്.
ഐപിഎല്ലിൽ നോ-ബോൾ തീരുമാനങ്ങളെ ചൊല്ലി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും,വിരാട് കോലിയും കഴിഞ്ഞ വർഷം പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ജയിക്കുവാൻ അവസാന ബോളിൽ വേണ്ടിയിരുന്നത് 6 റൺസ് ആയിരുന്നു. ക്രീസിലുള്ളത് ശിവം ദുബൈയും. അവസാന ബോളിൽ പക്ഷേ മലിങ്കക്കെതിരെ ഒരു റൺസ് മാത്രമേ ദുബൈക്ക് എടുക്കുവാൻ സാധിച്ചുള്ളു. പക്ഷേ മലിങ്ക എറിഞ്ഞ അവസാന ബോൾ നോ-ബോൾ ആയിരുന്നുവെന്ന് പിന്നീട് റീപ്ലേയിൽ തെളിഞ്ഞു. ആ പന്ത് നോ-ബോൾ ആയി അനുവദിക്കുകയായിരുന്നെങ്കിൽ നോൺ സ്ട്രൈക്കർ എൻഡിൽ 41 പന്തിൽ 70 റൺസുമായി നിൽക്കുന്ന ഡി വില്ലിയേഴ്‌സിന് മത്സരം വിജയിപ്പിക്കാൻ അവസരം ലഭിക്കുമായിരുന്നു.
ഐ പി എൽ പോലുള്ള വലിയ മത്സരങ്ങളിലെ നോ-ബോൾ സംവിധാനം പരിഹാസകരമായ നിലവാരത്തിൽ ആണെന്നാണ് ഇതിനെ പറ്റി ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചത്. നോ-ബോളുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീവി അമ്പയർ എന്ന പരിഷ്കാരംആദ്യമായി ആഭ്യന്തര മത്സർങ്ങളിൽ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വെള്ളിയാഴ്ച ആരംഭിക്കുന്ന സൈദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലും അതിനെ തുടർന്നുള്ള രഞ്ജി മത്സരങ്ങളിലും ഇത് പരീക്ഷിക്കുമെന്നും ഒരു ഐ.പി.എൽ ഗവേണിങ് കൗൺസിൽ അംഗം വെളിപ്പെടുത്തി.