Ravichandran Ashwin: നാലാം ഇന്നിങ്‌സില്‍ നൂറ് വിക്കറ്റ്; അപൂര്‍വ നേട്ടത്തിനരികെ അശ്വിന്‍
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയതോടെയാണ് അശ്വിന്റെ നാലാം ഇന്നിങ്‌സ് വിക്കറ്റ് വേട്ട 99 ലേക്ക് എത്തിയത്
Ravichandran Ashwin: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ രവിചന്ദ്രന്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ നാലാം ഇന്നിങ്‌സില്‍ നൂറ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അശ്വിനു സ്വന്തം. നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്പിന്നര്‍ അനില്‍ കുംബ്ലെയെ മറികടന്ന് അശ്വിന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയതോടെയാണ് അശ്വിന്റെ നാലാം ഇന്നിങ്‌സ് വിക്കറ്റ് വേട്ട 99 ലേക്ക് എത്തിയത്. കാന്‍പൂര്‍ ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ അത് നൂറിലേക്ക് എത്തും. മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കും നാലാം ഇന്നിങ്‌സില്‍ നൂറ് വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ലോക ക്രിക്കറ്റില്‍ അഞ്ച് പേര്‍ മാത്രമാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നാലാം ഇന്നിങ്‌സില്‍ 138 വിക്കറ്റുള്ള ഷെയ്ന്‍ വോണ്‍ ആണ് ഒന്നാം സ്ഥാനത്ത്. നഥാന്‍ ലിയോണ്‍, രങ്കണ ഹെറാത്ത്, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ് നേരത്തെ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്.