ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസിനെ തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. ഇനി ഏകദിന പരമ്പരയും സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോഹ്ലിയും സംഘവും.
എന്നാൽ, ഭയക്കേണ്ടത് ക്രിസ് ഗെയിലിനെ ആണ്. ലോകം ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും വെടിക്കെട്ട് ഓപ്പണറുമായ ക്രിസ് ഗെയ്‌ലിന്റെ വിടവാങ്ങല്‍ പരമ്പര കൂടിയാണിത്. അവസാന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഗെയിൽ പ്രതീക്ഷിക്കുന്നില്ല.
വമ്പനടി നടത്തി മികച്ച പ്രകടനം കാഴ്ച വെച്ച് തലയുയർത്തി പടിയിറങ്ങാനാണ് ഗെയിലിന്റെ ലക്ഷ്യമെന്ന് വ്യക്തം. കഴിഞ്ഞ ലോകകപ്പിനു ശേഷം വിരമിക്കുമെന്നായിരുന്നു നേരത്തേ ഗെയ്ല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ കൂടി കളിച്ച് വിന്‍ഡീസ് കുപ്പായമഴിക്കാന്‍ അദ്ദേഹം പിന്നീട് തീരുമാനിക്കുകയായിരുന്നു.
ടി20 പരമ്പരയില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഏകദിനത്തില്‍ ഇറങ്ങുന്നത്. ടി20 സംഘത്തില്‍ ഇല്ലാതിരുന്ന കേദാര്‍ ജാദവ്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ ഏകദിനത്തില്‍ മടങ്ങിയെത്തും. ഇവരില്‍ ഷമിയെക്കൂടാതെ ചഹല്‍, കുല്‍ദീപ് ഇവരിലൊരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ.