സാഹചര്യങ്ങള്‍ക്കനുസരിച്ച് കേളീശൈലി മാറ്റുക എന്നതാണ് ഒരു കളിക്കാരന്‍റെ പ്രധാന കഴിവ്. ആക്രമണത്തിലോ പ്രതിരോധത്തിലോ മാത്രം എപ്പോഴും ഊന്നി കളിക്കാന്‍ കളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ചിലപ്പോള്‍ ആക്രമണത്തില്‍ നിന്ന് പ്രതിരോധത്തിലേക്കും പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്കും ചുവടുമാറ്റേണ്ടിവരും. ഈ ചുവടുമാറ്റമായിരുന്നു ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറിനെ ശ്രദ്ധേയനാക്കിയത്.
ഇന്ത്യയ്ക്ക് ഏറ്റവും നിര്‍ണ്ണായകമായ അവസരങ്ങളില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയാണ് ഗംഭീര്‍ കിവീസ് മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ താരമായത്. ഈ സെഞ്ച്വറികള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം ഘോഷിക്കുന്ന വിജയചരിത്രം മറ്റൊന്നാകുമായിരുന്നു.
നിരാശപ്പെടുത്തുന്ന പ്രകടനത്തോടെയായിരുന്നു ന്യൂസിലാന്‍ഡിലും ഗംഭീറിന്‍റെ തുടക്കം. കഴിഞ്ഞ ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിരുന്ന ഗംഭീറിന് കിവീസിനെതിരെ നടന്ന രണ്ട് ട്വന്‍റിയിലും ശോഭിക്കാനായില്ല. ആദ്യ മത്സരത്തില്‍ ആറ് റണ്‍സും രണ്ടാം ട്വന്‍റിയില്‍ 10 റണ്‍സുമായിരുന്നു ഗംഭീറിന്‍റെ സംഭാവന.
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ നിന്നൊഴിവായ ഗംഭീര്‍ വെല്ലിംഗ്ടണിലെ രണ്ടാം ഏകദിനത്തില്‍ 30 റണ്‍സ് മാത്രമായിരുന്നു നേടിയത്. ക്രൈസ്റ്റ് ചര്‍ച്ചിലെ മൂന്നാം ഏകദിനത്തില്‍ ഗംഭീറിന്‍റെ സംഭാവന 15 റണ്‍സിലൊതുങ്ങി.
ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിധി നിര്‍ണ്ണയിച്ച നാലാം ഏകദിനത്തിലായിരുന്നു ഗംഭീര്‍ കളിയുടെ താളം വീണ്ടെടുത്തത്. സെഞ്ച്വറി നേടിയ സെവാഗിനൊപ്പം അര്‍ദ്ധസെഞ്ച്വറിയുമായി ഗംഭിര്‍ (63) അചഞ്ചലനായി നിന്നു. ഒടുവില്‍ 84 റണ്‍സിന് ആ കളി ഇന്ത്യ വിജയിച്ചു. ഓക്‍ലാന്‍ഡിലെ അഞ്ചാം ഏകദിനത്തില്‍ വീണ്ടും ഗംഭീറിന് പിഴച്ചു. അഞ്ച് റണ്‍സെടുത്ത് തുടക്കത്തിലേ ഗംഭീര്‍ പുറത്തായി.
പിന്നീട് ടെസ്റ്റിന്‍റെ ഊഴമായി. പതിവില്‍ കവിഞ്ഞൊന്നും ഇന്ത്യ ഈ ഇടംകയ്യനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ പത്ത് വിക്കറ്റിന് ഇന്ത്യ വിജയിച്ച ഹാമില്‍ട്ടണിലെ ആദ്യടെസ്റ്റില്‍ ഒന്നാമിന്നിംഗ്സില്‍ 73റണ്‍സും രണ്ടാമിന്നിംഗ്സില്‍ 30 റണ്‍സും നേടി ഗംഭീര്‍ നല്ല തുടക്കമിട്ടു.
നേപ്പിയറിലെ രണ്ടാം ടെസ്റ്റാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഗംഭീറിന്‍റെ പ്രാധാന്യം വ്യക്തമാക്കിയത്. നാണക്കേടിന്‍റെ ഫോളോ ഓണ്‍ വഴങ്ങി കളികൈവിട്ട മത്സരത്തില്‍ ഗംഭീറും ലക്ഷ്മണും നേടിയ ശതകങ്ങളാണ് ഇന്ത്യയ്ക്ക് സമനില നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായകമായത്.
11 മണിക്കൂര്‍ ക്രീസില്‍ നിന്നാണ് ഗംഭീര്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയത്. ഉത്തരവാദിത്വം തിരിച്ചറിഞ്ഞ ഒരു ബാറ്റ്സ്മാന്‍റെ ഇരുത്തം വന്ന പ്രകടനമായിരുന്നു അത്. ആദ്യ ഇന്നിംഗ്സില്‍ ഗംഭീര്‍ 16 റണ്‍സിന് പുറത്തായിരുന്നു. തന്‍റെ കൂടി പിഴവില്‍ ഇന്ത്യ നേരിട്ട ഫോളോഓണ്‍ എന്ന വിപത്തിന് രണ്ടാമിന്നിംഗ്സില്‍ ബാറ്റിലൂടെ ഗംഭീര്‍ മറുപടി നല്‍കി.
436 പന്തുകള്‍ നേരിട്ടാണ് ഗംഭീര്‍ 137 റണ്‍സ് നേടിയത്. ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ എന്ന വിശേഷണം പോലും ഗംഭീര്‍ ഈ കളിയിലൂടെ നേടി. ഗംഭീറില്‍ നിന്നുള്ള തുടക്കമാണ് അന്ന് ലക്ഷ്മണും (124) ഏറ്റുപിടിച്ചത്. കളി വിജയിച്ചെന്നുറപ്പിച്ച വെറ്റോറിയെയും കൂട്ടരെയും അമ്പരപ്പിച്ച പ്രകടനത്തിലൂടെ ഇന്ത്യ സമനില പിടിച്ചു.
വെല്ലിംഗ്ടണില്‍ ആദ്യ ഇന്നിംഗ്സില്‍ പുറത്തായെങ്കിലും രണ്ടാമിന്നിംഗ്സില്‍ ഗംഭീര്‍ ബാറ്റ് കൊണ്ടു കവിത രചിക്കുകയായിരുന്നു. 257 പന്തില്‍ നിന്ന് പതിനാറ് ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ 167 റണ്‍സ്. ഈ റണ്ണുകളുടെ മികവിലാണ് ഇന്ത്യയ്ക്ക് കിവീസിന് മുന്നില്‍ കൂറ്റന്‍ ലക്‍ഷ്യമുയര്‍ത്താനായതും കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാനായതും.
2003 ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും ഗംഭീര്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ടിവിഎസ് കപ്പില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഡല്‍ഹി സ്വദേശിയായ ഗംഭീറിന്‍റെ ഏകദിന അരങ്ങേറ്റം. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഗംഭീര്‍ 71 റണ്‍സ് നേടി. ആദ്യ മാന്‍ ഓഫ് ദ മാച്ചും അന്ന് ഗംഭീര്‍ സ്വന്തമാക്കി. ലങ്കയ്ക്കെതിരെ 2005ലായിരുന്നു ഏകദിനത്തിലെ ആദ്യ ശതകം.
2004 ല്‍ ഓസീസിനെതിരെയായിരുന്നു ടെസ്റ്റില്‍ അരങ്ങേറ്റം. എന്നാല്‍ ആ മത്സരത്തില്‍ ഗംഭീറിന് ഒട്ടും ശോഭിക്കാനായില്ല. അതേ വര്‍ഷം ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടി താന്‍ പരാജിതനല്ലെന്ന് ഗംഭീര്‍ തെളിയിച്ചു.
പിന്നെയും ടീമില്‍ ഇടം നേടിയിരുന്നെങ്കിലും മിക്കപ്പോഴും ഗംഭീര്‍ ചെറിയ സ്കോറുകളില്‍ ഒതുങ്ങി. 20-30 റേഞ്ചില്‍ നിന്നും വമ്പന്‍ സ്കോറിലേക്ക് കളി മാറ്റുന്നതില്‍ ഗംഭീര്‍ തീര്‍ത്തും പരാജിതനാണെന്നുപോലും വിമര്‍ശനമുയര്‍ന്നു.
2007 ലെ ബംഗ്ലാദേശ് പര്യടനവും തുടര്‍ന്ന് നടന്ന സിബി സീരീസുമാണ് തന്നെ അത്രയെളുപ്പം എഴുതിതള്ളാനാവില്ലെന്ന് ഗംഭീര്‍ തെളിയിച്ചത്.
ബംഗ്ലാദേശ് പര്യടനത്തില്‍ സെഞ്ച്വറി നേടിയ ഗംഭീര്‍ സിബി സീരീസില്‍ ശ്രീലങ്കയ്ക്കും (102 നോട്ടൌട്ട്) ഓസീസിനുമെതിരെ സെഞ്ച്വറി നേടി ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി (440).
കഴിഞ്ഞ കൊല്ലം ബോര്‍ഡര്‍ ഗവസ്കര്‍ ട്രോഫിയിലൂടെയാണ് ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും പത്ത് അര്‍ദ്ധസെഞ്ച്വറികളുമാണ് ഗംഭീറിന്‍റെ പേരിലുള്ളത്. ഏകദിനത്തില്‍ ആറ് സെഞ്ച്വറികളും പതിനഞ്ച് അര്‍ദ്ധസെഞ്ച്വറികളുമാണ് ഗംഭീര്‍ കുറിച്ചിട്ടുള്ളത്‍.
തന്‍റെ വിദേശപര്യടനത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗംഭീര്‍ ന്യൂസിലാന്‍ഡിലെ തന്‍റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. കിവീസ് മണ്ണില്‍ നിന്ന് ചരിത്രനേട്ടവുമായി മടങ്ങുന്ന ഇന്ത്യന്‍ ടീമിന് ഒരു മുതല്‍ക്കൂട്ട് തന്നെയാകും ഈ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍.
Follow Webdunia malayalam