വെസ്റ്റിൻഡീസിനെതിരായ ട്വിന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണുമുണ്ട്. പരിക്കേറ്റ് പുറത്തായ ശിഖർ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയിരിക്കുന്നത്. സ്ഥിരത പുലർത്തി ബാറ്റ് ചെയ്യൂ എന്നതാണ് സഞ്ജു കേൾക്കുന്ന ഒരു പ്രധാന ഉപദേശം. എന്നാൽ, അങ്ങനെ കളിക്കാൻ ഉദ്ദേശമില്ലെന്നാണ് സഞ്ജു വെളിപ്പെടുത്തുന്നത്.
‘സ്ഥിരതയില്ലാത്തത് ഒരു പ്രശ്നമായി ഞാൻ കാണുന്നില്ല. മറ്റുള്ള ബാറ്റ്സ്മാന്മാരിൽ നിന്നും വ്യത്യസ്തമാണ് എന്റെ ശൈലി. ബൌളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. സ്ഥിരത പുലർത്തി ബാറ്റ് ചെയ്യാൻ ശ്രമിച്ചാൽ എന്റെ ശൈലി മാറും. അവസരം കിട്ടുമ്പോഴെല്ലാം മാക്സിമം ഉപയോഗിക്കണം. കളിക്കാൻ കിട്ടുന്ന ഇന്നിങ്സുകളിൽ പരമാവധി കൂറ്റൻ സ്കോർ കണ്ടെത്തി ടീമിനെ വിജയത്തിലെത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാറ്റിങ്ങിലെ സ്ഥിരത ടീമിനെ വിജയിപ്പിക്കില്ല. പക്ഷേ, മികച്ച ഇന്നിങ്സിന് അതിനു കഴിയും’- സഞ്ജു പറയുന്നു.
ആവശ്യമെങ്കിൽ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെണെന്നും സഞ്ജു വ്യക്തമാക്കുന്നു. ടീം വിക്കറ്റ് കീപ്പിംഗ് എന്നെ ഏൽപ്പിച്ചാൽ മാറി നിൽക്കില്ല ആ ഉത്തരവാദിത്തം ഏറ്റെടുക്കും. അഞ്ചോ ആറോ വർഷങ്ങളായി രഞ്ജി ട്രോഫിയിലും, ഏകദിന മത്സരങ്ങളിലും ഞാൻ കേരളത്തിനായി വിക്കറ്റ് കാക്കുന്നുണ്ട്. അതുകൊണ്ട് വിക്കറ്റ് കീപ്പിംഗ് എന്നത് എനിക്ക് ഒരു അധിക ബാധ്യതയല്ല.
ടീമിന്റെ ആവശ്യം അനുസരിച്ച് എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്. ഓരോ മത്സരത്തിന് മുൻപും കീപ്പറായും ഫീൽഡറായുമെല്ലാം തയ്യാറെടുപ്പ് നടത്താറുണ്ട്. വിക്കറ്റ് കീപ്പിംഗ് എനിക്ക് ഇഷ്ടമല്ല എന്ന പ്രചരണം തെറ്റാണ്. അടിസ്ഥാനപരമായി ഞാൻ ഒരു വിക്കറ്റ് കീപ്പർ തന്നെയാണ്. ടീം എന്നോട് കീപ്പ് ചെയ്യാൻ ആവശ്യപ്പെട്ടാൽ കിപ്പ് ചെയ്യും, മറിച്ച് ഫീൽഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത് എങ്കിൽ അങ്ങനെ ചെയ്യും.
മുന്നോട്ട് എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ച് കോച്ച് രവി ശാസ്ത്രിയോടും, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോടും സംസാരിക്കും. ഇപ്പോൾ എനിക്ക് അതിനൊരു അവസരം കിട്ടിയിരിക്കുകയാണ്. ടി20 ടീമിൽ ഇടം നേടുക എന്നതല്ല രാജ്യത്തിനായി രാജ്യത്തിനായി ട്വന്റി 20 ലോകകപ്പ് നേടിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും സഞ്ജു പറഞ്ഞു.