കാസര്‍ഗോഡ്: ജൂലൈ 14വരെ മടിക്കൈ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതി തീരുമാനിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയും, ഹോട്ടലുകള്‍ (ഹോംഡെലിവറി മാത്രം) വൈകുന്നേരം ഏഴ് വരെയും അനുവദിക്കും. പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍, ക്വാറികള്‍, പണകള്‍ തുടങ്ങി മറ്റെല്ലാ നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.
അത്യാവശ്യ ചടങ്ങുകള്‍ മാത്രം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊട്ടോകോള്‍ പ്രകാരം അനുവദനീയമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കും. ബാങ്കുകളിലെയും, പൊതുസ്ഥലങ്ങളിലേയും തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വാര്‍ഡ്തലത്തില്‍ നടത്തുന്നതിനും തീരുമാനിച്ചു. ഗ്രൗണ്ടുകളില്‍ കായിക വിനോദങ്ങള്‍ അനുവദിക്കില്ല. യോഗങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി മാത്രമേ ചേരാവൂ.