Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ്: 26 ഇനം മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു

കോവിഡ്: 26 ഇനം മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു

അഭിറാം മനോഹർ

, ബുധന്‍, 4 മാര്‍ച്ച് 2020 (13:07 IST)
കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് കൂടുതൽ ആളുകൾക്ക് പടരുന്ന സാഹചര്യത്തിൽ പാരസെറ്റമോൾ അടക്കം മരുന്നുകൾ കയറ്റുമതി  ചെയ്യുന്നതിന് സർക്കാർ നിരോധനമേർപ്പെടുത്തി.പാരസെറ്റാമോളിന് പുറമെ വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറംഫെനിക്കോള്‍, ഒർനിഡസോൾ തുടങ്ങിയവയും ഉൾപ്പടെ 26 മരുന്നുകളുടെ ചേരുകൾക്കാണ് കയറ്റുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം കൊണ്ടുവന്നത്.
 
ലോകത്ത് ഏറ്റവുമധികം ആളുകൾ പനി,വേദന എന്നിവക്ക് പൊതുവായി ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. പാരസെറ്റമോൾ ഉൾപ്പടെയുള്ള ജനറിക് മരുന്നുകൾ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാൽ തന്നെ ലോകമാകമാനം കോവിഡ് 19 ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തീരുമാനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയിൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ചേരുവകൾക്ക് ഇപ്പോൾ തന്നെ കുറവുണ്ട്.
 
ഇന്ത്യയിൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ചേരുവകളിൽ 70ശതമാനവും ചൈനയിൽ നിന്നാണ് വരുന്നത്. ചൈനയിൽ കോവിഡ്19 ബാധയെ തുടർന്ന് ഫാക്ടറികൾ അടച്ചിട്ടിരിക്കുന്നതിനാൽ ഈ മരുന്നുകളുടെ ഇന്ത്യയിലെ ഉത്പാദനത്തിലും കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. എന്നാൽ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് മരുന്നുകളുടെ കുറവ് ലോകത്ത് ഇപ്പോൾ തന്നെ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തീരുമാനം ആഗോളതലത്തില്‍ മരുന്നുവില വര്‍ധിക്കാന്‍ കാരണമാകും. അതേസമയം ആഭ്യന്തര ആവശ്യത്തിനുള്ള മരുന്നുകളുടെ മൂന്ന് മാസത്തേക്കുള്ള ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
 
ലോകത്താകമാനം ആവശ്യമായ മരുന്നുകൾ നിർമിക്കുന്നവയിൽ പ്രധാനപ്പെട്ട ഇടമാണ് ഇന്ത്യ.ചൈനയ്ക്ക് പുറമെ ഇന്ത്യയിലും വൈറസ് ബാധയെ തുടര്‍ന്ന് മരുന്ന് നിര്‍മാണ ശാലകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അത് കൊറോണക്കെതിരായ പ്രതിരോധത്തെ ദുർബലമാക്കുമെന്നുറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; ഇന്ത്യയിൽ 19 പേർക്ക് കൊറോണ, ഇറ്റാലിയൻ കപ്പൽ കൊച്ചി തുറമുഖത്ത്