ക്വാറന്റൈൻ വിവാദത്തിൽ പുതിയ വിശദീകരണവുമായി യുകെ.ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നു. പ്രശ്‌നം ഇന്ത്യയുടെ വാക്‌സിനല്ല, മറിച്ച് വാക്‌സിൻ സർട്ടിഫിക്കറ്റാണ് എന്നതാണ് യുകെയുടെ നിലപാട്. ഇന്ത്യ നൽകുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്.
യുകെ മാനദണ്ഡപ്രകാരം കോവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഇന്ത്യ സർട്ടിഫിക്കറ്റിൽ പ്രായമാണ് നൽകുന്നത്. ഇത് അംഗീകരിക്കാനാവില്ല.ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ മാത്രമേ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കുകയുള്ളൂ ബ്രിട്ടൻ വ്യക്തമാക്കി.
ഇന്ത്യൻ വാക്‌സിൻ സ്വീകരിച്ചവരെ വാക്‌സിൻ സ്വീകരിക്കാത്തവരായി കണക്കാക്കുമെന്നും ഇവർ രാജ്യത്തെത്തിയാൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നും യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടൻ അറിയിച്ചിരുന്നു. എന്നാൽ ബ്രിട്ടന്റെ ഈ നയം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോവിഷീൽഡ് വാക്സിന്റെ കാര്യത്തിൽ യുകെ ചെറിയ തോതിൽ നിലപാട് മാറ്റം വരുത്തിയത്. എന്നാൽ കോവിഡ് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താതെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കില്ലെന്നാണ് വിവരം.