ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും. പള്‍മനോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങള്‍ കൃത്യമായ ദിവസങ്ങളില്‍ ഉണ്ടാകും. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം തുടരും. ആരോഗ്യ സര്‍വേ തുടരുകയാണ്. കുറച്ച് ഭാഗങ്ങളില്‍കൂടി അവശേഷിക്കുന്നു. സര്‍വേ പൂര്‍ത്തിയാക്കി കൃത്യമായ വിശകലനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ജില്ലയില്‍ ആകെ 406 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. 13 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് മറ്റ് രോഗങ്ങളും വാര്‍ധ്യക സഹജമായി ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. പ്രായമുള്ളവര്‍ക്ക് വീട്ടിലുള്ള മറ്റുള്ള അംഗങ്ങളില്‍ നിന്നാണ് കോവിഡ് പകരുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത ഉണ്ടാകണം. കോവിഡ് വര്‍ധിക്കുകയാണെങ്കില്‍ ഐ.സി.യു കിടക്കകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യവും സജ്ജമാണെന്നും മന്ത്രി പറഞ്ഞു.