രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് പഠനം. ഛണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ.ജഗത് റാം ആണ് മൂന്നാം തരംഗം തുടങ്ങിയെന്ന് പറഞ്ഞത്. ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി. 'കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് നമ്മള്‍. 27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്,' - ഡോ. ജഗത് റാം പറഞ്ഞു. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ പോലെ രൂക്ഷമാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യം ഇപ്പോഴും രണ്ടാം തരംഗത്തിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.