വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഷെയിൻ നിഗവുമായി ഉടക്കി നിൽക്കുന്ന നിർമാതാക്കളുമായി താരസംഘടന അമ്മ നടത്തിയ ചർച്ച പരാജയം. ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയ ഖുർബാനി, വെയിൽ എന്നീ സിനിമകളുടെ നഷ്ടപരിഹാരമായി നിർമാതാക്കൾ ആവശ്യപ്പെട്ട 1 കോടി രൂപ നൽകാൻ അമ്മ വിസമ്മതിച്ചതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.
ഷെയ്ന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ലെന്നും എന്നാല്‍ അയാള്‍ക്ക് കിട്ടാവുന്ന ശിക്ഷ കിട്ടിക്കഴിഞ്ഞു എന്നും ഇത്രയും ദിവസം ഷെയിന്‍ നിഗം പടങ്ങളൊന്നും ഇല്ലാതെ വെറുതെ ഇരിക്കുകയാണെന്നും അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഷെയ്ന്‍ നിഗത്തിന് ഇനിയും നിര്‍മ്മാതാക്കളുടെ കൈയില്‍ നിന്ന് പൈസ ലഭിക്കാനുണ്ട്. സിനിമ പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷം മതി മുഴുവന്‍ പ്രതിഫലം കൊടുക്കുക എന്ന ഉറപ്പു വരെ നിര്‍മ്മാതാക്കള്‍ക്കു കൊടുത്തിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ പറയുന്നത് നടക്കാത്ത കാര്യമാണ്.‘
‘എത്രയോ സിനിമകൾ മുടങ്ങിപ്പോകുന്നു. ഷെയിനോട് മാത്രമെന്താണ് ഇങ്ങനെ?‘ ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വാക്ക് നല്‍കിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയ്ന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എവിടുത്തെ ന്യായമാണ്?’- ഭാരവാഹികൾ ചോദിക്കുന്നു.