Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസിൽ പഠിപ്പു നിർത്തി, അമ്മ ചിട്ടി പിടിച്ചത് കൊണ്ട് ഒരു തയ്യൽ മെഷീൻ വാങ്ങി'- വൈറൽ കുറിപ്പ്

'യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസിൽ പഠിപ്പു നിർത്തി, അമ്മ ചിട്ടി പിടിച്ചത് കൊണ്ട് ഒരു തയ്യൽ മെഷീൻ വാങ്ങി'- വൈറൽ കുറിപ്പ്

അനു മുരളി

, വ്യാഴം, 9 ഏപ്രില്‍ 2020 (11:42 IST)
കൊറോണ കാലത്ത് ഇതിനെ പ്രതിരോധിക്കാൻ മുഖാവരണം എങ്ങനെ ഉണ്ടാക്കാമെന്ന് പ്രേക്ഷകർക്ക് പഠിപ്പിക്കുന്ന നടൻ ഇന്ദ്രൻസിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ഇന്ദ്രൻസിനെ കുറിച്ച് ഷിബു ഗോപാലകൃഷ്ണൻ എന്ന പ്രേക്ഷകൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
 
യൂണിഫോമിനു വകയില്ലാത്തത് കൊണ്ട് നാലാം ക്ലാസിൽ പഠിപ്പു നിർത്തിയ സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസിന്റെ ചെറിയ ഒരു ജീവിതകഥയാണ് ഇയാൾ പങ്കുവെച്ചിരിക്കുന്നത്. അമ്മ ചിട്ടി പിടിച്ച് കിട്ടിയ പൈസകൊണ്ട് വാങ്ങിയതാണ് ഇന്ദ്രൻസിന്റെ തയ്യൽ മെഷീൻ. ഷിബു ഗോപാലകൃഷ്ണന്റെ കുറിപ്പ് വായിക്കാം:
 
ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവച്ചു ഇത്രമേൽ നിസാരനായി ഈ മനുഷ്യൻ ഇരിക്കുന്നതു കാണുമ്പോൾ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്. അയാൾ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യൽ മെഷീനു മുന്നിൽ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യൻ ഞാൻ ആരാണ് എന്നു ആത്മാവിൽ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേൽ സ്നേഹത്തോടെ ജീവിച്ചു കാണിച്ചുതരികയാണ്.
 
അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യൽമെഷീൻ വച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്നു ചേർത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രൻസായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.
 
യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസിൽ പഠിപ്പു നിർത്തിയ, ഒരുപാടു താരങ്ങൾക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാൾ, അയാൾക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാൻ പോയി. ഗൗരവമേറിയ സീനുകൾ വരുമ്പോൾ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാൻ ഒരുപാടു സീനുകളിൽ നിന്നും ഒഴിവാക്കപ്പെട്ട അയാൾ, മികച്ച നടനുള്ള സംസ്ഥാന അവാർഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി.
 
ഈ ലോകത്തൊരു എട്ടാമത്തെ അദ്ഭുതമുണ്ടെങ്കിൽ അതു തന്റെ ജീവിതമാണെന്നും, ഞാൻ ആരുമല്ലെന്നും, കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, പരിഭവങ്ങളില്ലാതെ അയാൾ പിന്നിലോട്ടു നീങ്ങിനിൽക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യൻ നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയിൽ ചുറ്റിക കൊണ്ടു ആഞ്ഞടിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറു സിനിമകൾക്കായി പുതിയ പ്ലാറ്റ്‌ഫോം, ക്യുബി വരുന്നു