മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാൾ ശോഭനയാണ്. ഇന്ത്യൻ സിനിമയ്ക്ക് ശ്രീദേവി എങ്ങനെയായിരുന്നോ അത് തന്നെയായിരുന്നു ശോഭന മലയാള സിനിമയ്ക്കും. ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുകയാണ് താരസുന്ദരി.
1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ബാലചന്ദ്രമേനോന്റെ നായികയായി എത്തിയ ശോഭന തന്റെ പ്രകടനം കൊണ്ട് തിളങ്ങി. പിന്നീട് ഒരുപിടി നല്ല വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശോഭന പകരം വെക്കാനില്ലാത്ത താരമായി മാറുകയായിരുന്നു.
മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവർക്കെല്ലാം ഒരുപോലെ ചേരുന്ന മറ്റൊരുനടിയില്ല. മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാര്‍ഡ് വാങ്ങി. സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങളിലൂടെ കടന്നു പോകുന്ന ഗംഗ ശോഭനയ്ക്കു പക്ഷേ വെല്ലുവിളിയായിരുന്നില്ലെന്നു വേണം പറയാന്‍. പദ്മരാജന്റെ ഇന്നലെയിലെ കഥാപാത്രവും എന്നും മലയാളി മനസിനോട് ചേർന്നു നിന്നു.
താരം വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ശോഭനയ്ക്കു വേണ്ടി ഇനിയും നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകേണ്ടതാണ്.