രാജ്കുമാര്‍ ഹിറാനിക്ക് ഇതൊരു പുതുമയുള്ള സംഗതിയല്ല. കാരണം അദ്ദേഹത്തിന്‍റെ സിനിമകള്‍ 100 കോടി ക്ലബില്‍ കടക്കുന്നത് പതിവാണ്. എന്നാല്‍ വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് ഹിറാനിയുടെ പുതിയ സിനിമ ‘സഞ്ജു’ 100 കോടി ക്ലബ് എന്ന മാജിക് ഏരിയയിലെത്തിയത്.
സഞ്ജയ് ദത്തിന്‍റെ ബയോപിക്ക് എന്നതും രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്നു എന്നതും സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍ അഭിനയിച്ചിരിക്കുന്നു എന്നതുമാണ് തിയേറ്ററില്‍ ജനം നിറയാനുള്ള ആദ്യത്തെ കാരണങ്ങള്‍. എന്നാല്‍ ഈ പുറംപകിട്ടിനെല്ലാം അപ്പുറം ‘സഞ്ജു’ ഒരു ഗംഭീര സിനിമയാണെന്നുള്ളതാണ് ഇത്രയും വലിയ വിജയത്തിന്‍റെ പ്രധാന കാരണം.
സഞ്ജുവിന്‍റെ ആദ്യ ദിന കളക്ഷന്‍ 34.75 കോടി രൂപയായിരുന്നു. സല്‍മാന്‍ ഖാന്‍ ചിത്രമായ ‘റേസ് 3’യെ വെല്ലുന്ന ആദ്യ ദിന കളക്ഷന്‍. വാരാന്ത്യത്തില്‍, ഞായറാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 46.71 കോടി രൂപയാണ്. ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 120.06 കോടി കളക്ഷന്‍ ലഭിച്ചത്.
ഈ വര്‍ഷം 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ചിത്രമാണ് സഞ്ജു. ഇത്ര കുറഞ്ഞ കാലയളവില്‍ 100 കോടി ക്ലബില്‍ വന്ന ചിത്രം പികെയുടെയും ദംഗലിന്‍റെയുമൊക്കെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് ബോക്സോഫീസ് വിലയിരുത്തലുകള്‍.