Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിരപരാധിത്വം തെളിയുന്നത് വരെ സിനിമയെടുക്കില്ല:സനൽകുമാർ ശശിധരൻ

നിരപരാധിത്വം തെളിയുന്നത് വരെ സിനിമയെടുക്കില്ല:സനൽകുമാർ ശശിധരൻ

കെ ആര്‍ അനൂപ്

, ശനി, 1 ഒക്‌ടോബര്‍ 2022 (14:51 IST)
തനിക്കെതിരെയുള്ള കേസിൽ നിരപരാധിത്വം തെളിയുന്നതുവരെ സിനിമയെടുക്കില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ.മഞ്ജു വാര്യരുടെ പേരിൽ നൽകിയിട്ടുള്ള കള്ള പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തിട്ട് ആറ് മാസങ്ങൾ കഴിഞ്ഞെന്നും ഇപ്പോഴും ഒന്നും അവസാനിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു.
 
സനൽകുമാറിന്റെ വാക്കുകൾ:
 
മഞ്ജു വാര്യരുടെ പേരിൽ നൽകിയിട്ടുള്ള കള്ള പരാതിയിൽ എന്നെ അറസ്റ്റ് ചെയ്തിട്ട് ആറ് മാസങ്ങൾ കഴിഞ്ഞു. കയറ്റം എന്ന സിനിമയോടെ എനിക്കെതിരെ ആരംഭിച്ച വേട്ടയാടൽ ആണ് ഒടുവിൽ ഈ കള്ള പരാതിയിലും നാടകീയമായ അറസ്റ്റിലും കലാശിച്ചത്. ഇപ്പോഴും ഒന്നും അവസാനിച്ചിട്ടില്ല. എന്റെ ഫോൺ ട്രാക്ക് ചെയ്യുന്നതും ഇമെയിൽ - സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതും ഇപ്പോഴും തുടരുന്നു. എനിക്കെതിരെയുള്ള കേസിൽ എന്റെ നിരപരാധിത്വം തെളിയുന്നത് വരെ ഞാൻ സിനിമയെടുക്കില്ല എന്ന് തീരുമാനിച്ചു. എനിക്കെതിരെയുള്ളത് എന്റെ സിനിമകളെ ഉന്നം വെച്ചുള്ള ഒരു ഗൂഢാലോചന ആണെന്നും എന്റെ ജീവന് ഭീഷണിയുണ്ടെന്നുമുള്ള പരാതികൾ പോലീസ് അന്വേഷിച്ചില്ല. പോലീസ് തന്നെ ഭാഗഭാക്കായ ഗൂഡാലോചനയിൽ എങ്ങനെ അന്വേഷണം നടക്കും. പക്ഷെ എന്റെ നിലവിളികളെ കേരളത്തിന്റെ സാംസ്‌കാരിക ലോകം എങ്ങനെ എടുത്തു എന്നതാണ് ഏറ്റവും ദുഃഖകരമായ സംഗതി. ഞാൻ സ്ഥാപിച്ച കാഴ്ച ചലച്ചിത്ര വേദിയുടെയും സിനിമ വണ്ടിയുടെയും മറ്റും ആനുകൂല്യങ്ങൾ സ്വീകരിച്ച് വളർന്ന സ്വതന്ത്ര സിനിമ പ്രവർത്തകർ പോലും എനിക്ക് ഭ്രാന്താണെന്നും സമനില തെറ്റിയെന്നും മയക്കു മരുന്നിനടിമയാണെന്നുമൊക്കെയുള്ള പ്രചാരണങ്ങൾക്ക് കൂട്ടുനിന്നു. എന്റെ ജീവൻ ഭീഷണിയിലാണെന്ന് ഞാൻ മുറവിളിക്കുന്നതും നിയമവിരുദ്ധമായ അറസ്റ്റിനെക്കുറിച്ച് നിലവിളിക്കുന്നതും വേട്ടയാടപെടുന്ന ചലച്ചിത്രകാരൻ എന്ന നിലയിൽ പ്രശസ്തി പിടിച്ചു പറ്റാൻ ആണെന്നു പോലും ചിലർ എഴുതികണ്ടു. അവർക്കൊക്കെ നല്ലത് വരട്ടെ. എനിക്കെതിരെയുള്ള കേസിൽ ഇതുവരെയും അന്വേഷണം നടത്തുകയോ കുറ്റപത്രം കൊടുക്കുകയോ ചെയ്തിട്ടില്ല. സിനിമ ഷൂട്ട് ചെയ്യാൻ ഞാൻ ഉപയോഗിച്ചിരുന്ന ഫോൺ പോലീസ് കസ്റ്റഡിയിലായിട്ട് മാസങ്ങളായി. ഇത് കള്ളക്കേസാണെന്നും ഗൂഡാലോചന അന്നെഷിക്കണമെന്നുമുള്ള പരാതികൾ പരിഗണിക്കപ്പെടുന്നില്ല. എനിക്കെതിരെയുള്ള കള്ളക്കേസിൽ ഒപ്പുവെച്ചിട്ടുള്ള സ്ത്രീ മിണ്ടുന്നില്ല. കേസ് വിചാരണയ്ക്ക് വന്നാൽ എറണാകുളം പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കമുള്ള ഗൂഡാലോചന പുറത്തുവരും. അതുകൊണ്ട് കേസ് അന്വേഷിക്കപ്പെടില്ല. ചാർജ് ഷീറ്റ് കൊടുക്കപ്പെടില്ല. കൊലപാതകം കൊണ്ട് ഈ ഗൂഢാലോചന അടക്കുക അല്ലാതെ ക്രിമിനൽ സംഘത്തിന് മറ്റ് വഴികളില്ല. അല്ലയോ കേരളത്തിലെ സാംസ്‌കാരിക ലോകമേ ഞാനൊരു കുറ്റവാളിയാണെങ്കിൽ എന്നെ വിചാരണ ചെയ്ത് ശിക്ഷിക്കണം എന്നെങ്കിലും നിങ്ങൾ പറയേണ്ടതല്ലേ? ഞാൻ പറയുന്നതാണ് സത്യമെന്ന് എന്റെ മരണശേഷം തെളിഞ്ഞാൽ നിങ്ങൾ എന്നോട് ചെയ്യുന്ന അനീതി നിങ്ങളെ വേട്ടയാടില്ലയോ? നിങ്ങൾ കണ്ണടച്ചാൽ ഇല്ലാതാവുമോ ഞാൻ ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ അടയാളം? നിങ്ങൾ കൈ കഴുകിയാൽ മായുമോ നിങ്ങളുടെ വിരലുകളിലെ എന്റെ ചോരക്കറ?
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരി മാത്രം! ശ്രിയ ശരണിന്റെ വൈറല്‍ ഫോട്ടോഷൂട്ട്