'ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്തു കൂടെ? എന്തിനാണ് ഇത്ര ഈഗോ !' ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയങ്ങളില്‍ പ്രതികരിച്ച് നടി രേവതി
റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ ഒരുപാട് ആരോപണങ്ങള്‍ ഉണ്ടായി. ഇതിന്റെയെല്ലാം നിജസ്ഥിതി അന്വേഷിക്കണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ അടുത്ത തലമുറയ്ക്കു സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനുള്ള വലിയ പോരാട്ടമാണ് നടക്കുന്നതെന്ന് നടി രേവതി. ഈഗോ മാറ്റിവെച്ച് എല്ലാ സംഘടനകളും ചര്‍ച്ചയ്ക്കു തയ്യാറാകണമെന്നും രേവതി ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേവതി.
' ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യവേതനം കൂടി ലഭിക്കുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകുതി ലൈംഗിക ചൂഷണങ്ങളെ കുറിച്ചാണെങ്കിലും മറു പകുതി ഇന്‍ഡസ്ട്രിയിലെ മറ്റു പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതും ലൈംഗിക ചൂഷണം ചര്‍ച്ച ചെയ്യുന്നതു പോലെ ഗൗരവകരമായ വിഷയമാണ്,' രേവതി പറഞ്ഞു.
' റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ ഒരുപാട് ആരോപണങ്ങള്‍ ഉണ്ടായി. ഇതിന്റെയെല്ലാം നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലേ നാം കണ്ടുവരുന്നു. അതും ഇവിടെ തുടങ്ങി കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിനു മുന്‍പില്‍ നാണം കെടുത്താനുള്ള വെറും തമാശയല്ല ഇത്,'
' രാജി വയ്ക്കല്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കാര്യങ്ങള്‍ മനസിലാക്കണം. സംവാദങ്ങള്‍ ഉണ്ടാകണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? സമൂഹത്തിനു മുന്നിലാണ് പ്രതിഛായ ഉള്ളത്. ഞങ്ങള്‍ക്കിടയില്‍ അതില്ല. ഞങ്ങള്‍ സഹപ്രവര്‍ത്തകരാണ്. ഈ പ്രതിഛായ സഹപ്രവര്‍ത്തകര്‍ക്കിടിയലും വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ? ഇന്‍ഡസ്ട്രിയുടെ ഉന്നമനത്തിനാണ് ഈ സംവാദങ്ങള്‍,' രേവതി ചോദിച്ചു.