മലയാള സിനിമയിൽ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്‌ക്കാൻ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.മുൻപുള്ളതിനേക്കാൾ കൂടുതൽ തുക ചോദിക്കുന്നവർ പോലുമുണ്ട്. പ്രതിഫലം കുറയ്ക്കാത്ത താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും സംഘടന പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്ക സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് അയച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പുകുത്തിയ മലയാളസിനിമയെ രക്ഷിക്കാൻ താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്നാണ് നിർമാതാക്കളുടെ നിലപാട്. ഇക്കാര്യത്തിൽ അമ്മ'യുടെ നിർവാഹക സമിതി യോഗത്തിൽ തീരുമാനമായിരുന്നു. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നാണ് അമ്മ വ്യക്തമാക്കിയത്. എന്നാൽ ഈ തീരുമാനത്തിന് ഘടകവിരുദ്ധമായാണ് കാര്യങ്ങൾ നടക്കുന്നതെന്നാണ് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.