രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല. കേസില്‍ എം.ടി വാസുദേവന്‍ നായര്‍ തടസ്സഹര്‍ജിയുമായി സുപ്രീം കോടതിയില്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ നടപടികള്‍ സ്വീകരിക്കരുതെന്നാവശ്യപ്പെട്ടാണ് എം.ടിയുടെ തടസ്സ ഹര്‍ജി.
രണ്ടാമൂഴം സംബന്ധിച്ച തര്‍ക്കം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടണമെന്ന ശ്രീകുമാര്‍ മോനോന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കൂറായി തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് എംടിയുടെ അഭിഭാഷകര്‍ അറിയിച്ചു.
രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും 2014 ലാണ് കരാറില്‍ ഒപ്പുവെക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ സിനിമ തുടങ്ങിയിരിക്കണമെന്നായിരുന്നു കരാർ. എന്നാൽ, 2019 ആയിട്ടും സിനിമയുടെ യാതോരു പ്രവർത്തനവും നടക്കാതെ ആയതോടെയാണ് എം ടി കേസ് നൽകിയത്.