വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് സംഭവിച്ച വലിയൊരു അപകടത്തെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് പേളി മാണി. 2012 ല്‍ കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് താന്‍ വലിയൊരു അപകടത്തില്‍ പെട്ടതെന്ന് പേളി പറയുന്നു. യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് പേളി ഇക്കാര്യം പങ്കുവച്ചത്.
'2012 ഡിസംബര്‍ 25 വെളുപ്പിന് മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. എനിക്കന്ന് 26 വയസ്. അന്നൊക്കെ അലമ്പായി നടക്കുകയായിരുന്നു ഞാന്‍. ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡായി വന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഞാന്‍ ചെന്ന് ഇടിച്ചു. കാര്‍ മുഴുവനും പോയി. 18 സ്റ്റിച്ചായിരുന്നു തലയില്‍. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. എന്റെ മുഖം പോയെന്നാണ് അന്ന് കരുതിയത്. അതിന് ശേഷം നാല് ദിവസത്തിനുള്ളില്‍ ന്യൂയര്‍ ആണ്. ഡ്രീംസ് ഹോട്ടലില്‍ ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോള്‍ അതിന്റെ ആങ്കറായി തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്തത്,' പേളി മാണി പറഞ്ഞു.
'അപകടത്തിനു ശേഷം എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു താനെന്ന് പേളി പറയുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അപകടത്തിനു ശേഷമുള്ള നാല് ദിവസം ഡാഡിയും മമ്മിയുമാണ് എല്ലാ കാര്യങ്ങള്‍ക്കും സഹായിച്ചിരുന്നത്. അന്നൊക്കെ എനിക്ക് ഒത്തിരി സുഹൃത്തുക്കളുണ്ട്. എന്റെ ഭയങ്കര കൂട്ടുകാരാണെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടു നടന്നിരുന്ന ഒരാളും അപകടത്തിനു ശേഷം എനിക്കൊപ്പം ഉണ്ടായിരുന്നില്ല. ആകെപ്പാടെ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടുകാരുടെ കൂടെ പോവുമ്പോള്‍ വിഷമിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. അവരെ തിരിച്ചറിഞ്ഞതും അന്നേരമാണ്. എന്നെ കുറ്റപ്പെടുത്താതെ അവര്‍ എനിക്കൊപ്പം നില്‍ക്കുകയായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അപകടമായിരുന്നു അത്,' പേളി പറഞ്ഞു.