"അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടുചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഡെമോക്രസി എന്ന വാക്കിന്‍റെ അര്‍ത്ഥം അതാണ്” - മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ ഇത് പറയുമ്പോള്‍ തിയേറ്റര്‍ കിടുങ്ങുമെന്നുറപ്പ്. ഈ ഡയലോഗ് ഉള്‍ക്കൊള്ളിച്ച ‘വണ്‍’ രണ്ടാം ടീസര്‍ പുറത്തിറങ്ങി.
കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യമുണ്ടെന്നുള്ള സൂചനകളാണ് രണ്ടാമത്തെ ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. നടപ്പിലും നോട്ടത്തിലുമൊക്കെ ഒരു പിണറായി സ്റ്റൈല്‍. പിണറായി ടച്ചുള്ള ഡയലോഗുകളും മമ്മൂട്ടിക്ക് ഈ ചിത്രത്തിലുണ്ട് എന്നാണ് വിവരം.
കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.
ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന വണ്‍ ഏപ്രില്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തും.