സിനിമാലോകത്തിന് പകരം വയ്ക്കാന്‍ ഇല്ലാത്ത നഷ്ടമാണ് നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിനായി സംവിധായകന്‍ ശങ്കര്‍ ഇന്ത്യന്‍ 2വില്‍ ഒരു കഥാപാത്രം കരുതി വെച്ചിരുന്നു. കൃഷ്ണസ്വാമിയായി ക്യാമറയ്ക്ക് മുന്നില്‍ എത്തുവാന്‍ നെടുമുടി വേണുവിന് കഴിഞ്ഞില്ല. അദ്ദേഹം യാത്രയായപ്പോള്‍ മലയാളത്തിലെ ഒരു നടന്റെ കൈകളിലേക്ക് ആ വേഷം കൈമാറുകയായിരുന്നു സംവിധായകന്‍ ശങ്കര്‍. ആ കഥാപാത്രത്തെ പുന സൃഷ്ടിക്കുവാനായി എഐ സാങ്കേതിക വിദ്യയുടെ സഹായവും അദ്ദേഹം തേടി. നന്ദു പൊതുവാള്‍ ആണ് നെടുമുടി വേണുവിന് പറഞ്ഞുവെച്ച കഥാപാത്രമായി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചത്.
നന്ദു പൊതുവാളിന്റെ മുഖത്തിന് നെടുമുടിയുമായി രൂപ സാദൃശ്യമുള്ളതാണ് സിനിമയിലേക്ക് ക്ഷണിക്കാനുള്ള ഒരു പ്രധാന കാരണം. നിരവധി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഇപ്പോഴും നന്ദു സജീവമാണ്. നടനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ 2വിലൂടെ വലിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.
നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന കഥാപാത്രം ഇന്ത്യന്‍ ആദ്യഭാഗത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനാല്‍ തന്നെ ആകും അതേ രൂപത്തില്‍ തന്നെ നെടുമുടിയുടെ കലാപാത്രത്തെ കൊണ്ടുവരാന്‍ ശങ്കര്‍ തീരുമാനിച്ചതും. സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ എല്ലാം നെടുമുടിയുടെ കഥാപാത്രം ഉണ്ടായിരുന്നു. ഇന്ത്യന്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുമ്പോഴേക്കും വേണു ലോകത്തോട് വിട പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ് ആ കഥാപാത്രം നന്ദുവിനെ തേടിയെത്തിയത്. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറും ശ്രദ്ധ നേടിയിരുന്നു.