ഓണക്കാലം മലയാള സിനിമയ്ക്ക് ചാകരക്കാലമാണ്. എല്ലാ സൂപ്പര്‍താരങ്ങളുടെയും സിനിമകള്‍ സാന്നിധ്യമറിയിക്കുന്ന സമയം. ഒന്നാന്തരം സിനിമകളും വെറും തട്ടിക്കൂട്ട് ചിത്രങ്ങളും ഒരുപോലെ ഭാര്യം പരീക്ഷിക്കാനെത്തുന്ന ഓണക്കാലത്ത് വലിയ വിജയങ്ങളും വമ്പന്‍ പരാജയങ്ങളും സാധാരണയാണ്. മമ്മൂട്ടിയും മോഹന്‍ലാലും മിക്ക ഓണക്കാലത്തും തങ്ങളുടെ സിനിമകളുമായി എത്താറുണ്ട്. അവയൊക്കെ പലപ്പോഴും ചരിത്ര വിജയങ്ങളായിത്തീര്‍ന്നിട്ടുമുണ്ട്.
ഇത്തവണത്തെ ഓണത്തിനും മമ്മൂട്ടിച്ചിത്രമുണ്ട്. സേതു സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് ഇത്. ലക്ഷ്മി റായ്, ഷംന കാസിം, അനു സിത്താര എന്നിവരാണ് ഈ സിനിമയിലെ നായികമാര്‍. അനന്ത വിഷന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ഹരി എന്ന ബ്ലോഗറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
എന്നാല്‍ മമ്മൂട്ടിയെ ഓണത്തിന് നേരിടാന്‍ ഒന്നിന് പകരം രണ്ട് ചിത്രങ്ങളുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഡ്രാമ’, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’ എന്നിവയാണ് ഓണത്തിനെത്തുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. രണ്ട് പ്രഗത്ഭ സംവിധായകരുടെ പിന്‍ബലമുണ്ട് എന്നതിനാല്‍ മോഹന്‍ലാല്‍ ഈ ഓണക്കാലം തന്‍റെ പേരിലെഴുതുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
എന്നാല്‍ തിരക്കഥാകൃത്ത് സേതു എഴുതുന്ന ആദ്യ ചിത്രം എന്നതും ഉള്ളടക്കത്തിലെ പുതുമയും കുട്ടനാടന്‍ ബ്ലോഗിന് ഗുണമാകുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും ഓണക്കാലത്ത് മലയാളം ബോക്സോഫീസില്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.