സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ ആരാധകന്റെ കുറിപ്പ്. മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ നിഴലിനെ മാത്രമാണ് ഇപ്പോള്‍ കാണുന്നതെന്നും സ്വയം രാകി മിനുക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്നും ബെബറ്റോ തിമോത്തിയെന്ന മോഹന്‍ലാല്‍ ആരാധകന്റെ കുറിപ്പില്‍ പറയുന്നു. എഴുപത് വയസ്സിനു ശേഷം മമ്മൂട്ടി സ്വയം നവീകരിക്കാനായി നടത്തുന്ന പ്രയത്‌നങ്ങളെ ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്. ബച്ചന്‍, മമ്മൂട്ടി എന്നിവരെ മോഹന്‍ലാല്‍ മാതൃകയായി എടുക്കണമെന്നും ഈ കുറിപ്പില്‍ പറയുന്നു.
ബെബറ്റോ തിമോത്തിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ഒരു വലിയ കരിയറിന്റെ അവസാന സമയങ്ങളില്‍ ഇതിഹാസങ്ങള്‍ കാലിടറുന്നത് പതിവാണ്. അത് ഏത് മേഖലയായലും അങ്ങനെയാണ്.അതിനെ അതിജീവിക്കുന്നവര്‍ വളരെ റെയറാണ്. 37 ആം വയസ്സില്‍ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറിയടിക്കുന്ന സച്ചിന്‍ ടെണ്ടുള്‍ക്കറും ,70 വയസ്സില്‍ വളരെ എക്‌സൈറ്റിങ്ങായ ഒരു ലൈനപ്പ് ഉണ്ടാക്കുന്ന മമ്മുട്ടിയുമെല്ലാം അത്തരം എക്‌സപ്ഷനുകളാണ്.
പുതിയ കാലത്തിനോട് അഡാപ്റ്റ് ചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. മോഹന്‍ലാലിന് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതും അതാണ്. ആഴത്തിലുള്ള വായന,നിരീക്ഷണ പാടവം,തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള എഫര്‍ട്ട് ഇതൊക്കെയുണ്ടെങ്കിലേ പിടിച്ച് നില്‍ക്കാന്‍ പറ്റുകയുള്ളൂ.
എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ സിനിമകള്‍ എന്ന് പറയുന്നത് ദശരഥവും,തന്മാത്രയും,കിരീടവും,സദയവുമൊക്കെയാണ്.കോമഡിയാണെങ്കില്‍ തന്നെ കിലുക്കവും,ചന്ദ്രലേഖയും അങ്ങനെ ഒരുപാടുണ്ട്. 1989 ഇല്‍ Surrogacy യെ പറ്റി ഒരു സിനിമ മലയാളത്തിലുണ്ടാകുകയും അതിന്റെ ഭാഗമാകാന്‍ മാത്രം വിഷനുമുള്ള ഒരു നടനായിരുന്നു മോഹന്‍ലാല്‍. തിരഞ്ഞെടുപ്പുകളിലെ ആ കണിശത തന്നെയാണ് അയാളെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സൂപ്പര്‍ താരമാക്കിയതും.
മാസ് സിനിമകള്‍ കൊണ്ട് മാത്രമാണ് അയാള്‍ ഒരു സ്റ്റാര്‍ ആയത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അയാളിലെ ഗയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങള്‍ അത്ര് മാത്രം റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു. വൈശാഖ സന്ധ്യേ എന്ന പാട്ടിന്റെ വീഡിയോ ഇപ്പോഴും ഫോണിലുണ്ട്. എന്തൊരു എഫര്‍ട്ട് ലെസായാണ് ആ മനുഷ്യന്‍ പെര്‍ഫോം ചെയ്തിട്ടുള്ളത്.
പ്രണയം, ഹ്യൂമര്‍, ആക്ഷന്‍, നിസഹായാവസ്ഥ ഈ വികാരങ്ങളെയൊക്കെ അത്രേം ഉള്ളില്‍ തട്ടുന്ന വിധം സ്‌ക്രീനില്‍ എത്തിച്ച എന്റെ പ്രിയപ്പെട്ട നടന്‍. അയാളുടെ നിഴലിനെ ഇപ്പോള്‍ കാണുമ്പോള്‍ കടുത്ത നിരാശയാണ്. പ്രിയപ്പെട്ട മോഹന്‍ലാല്‍, മറ്റൊരു രജനികാന്തായി കരിയര്‍ അവസാനിപ്പിക്കാനാണ് നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ നിങ്ങളുടെ ഇഷ്ടത്തെ മാനിക്കുന്നു.
മറിച്ച് നിങ്ങളില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് അതാണെന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ സഹതാപം മാത്രമേയുള്ളൂ. അറുപതിനും എഴുപതിനുമിടയില്‍ തല്ലിപ്പൊളി സിനിമകള്‍ ഒരുപാട് ചെയ്ത മമ്മുട്ടിയെയല്ല നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. 70 വയസ്സിന് ശേഷം അയാള്‍ ഇപ്പോഴും കാണിക്കുന്ന ആ കോമ്പറ്റീറ്റീവ് സ്പിരിറ്റില്‍ നിന്ന് നിങ്ങള്‍ക്കും ചിലത് പഠിക്കാനുണ്ട്.
നിങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് വെളിയിലോട്ടിറങ്ങി ഒന്ന് കാതോര്‍ത്താല്‍ നിങ്ങള്‍ക്ക് ഇവിടെയുള്ള ആരാധകര്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കും. അതിന് കാര്യമായ എഫര്‍ട്ട് എടുക്കണം.നിങ്ങളുടെ സുഹൃത്തുക്കളായ ബച്ചനും,മമ്മുട്ടിയുമൊക്കെ മുന്‍പില്‍ തന്നെയുണ്ടല്ലോ. നിങ്ങള്‍ ഒരു കഴിവ് കെട്ട നടനാണെന്ന് ബ്ലൈന്‍ഡായ വെറുപ്പ് മാത്രം ഉള്ളിലുള്ള ചിലരൊഴിച്ച് ആരും പറയുമെന്ന് തോന്നുന്നില്ല.
കഴിവ് എന്ന് പറയുന്ന സാധനം സ്വാഭാവികമായി റിസള്‍ട്ട് തരില്ല. പണിയെടുക്കണം. രാകി മിനുക്കിയെടുക്കണം. ഒരിക്കല്‍ കൂടെ ഒന്ന് മനസ്സറിഞ്ഞ് കയ്യടിക്കണം എന്നുണ്ട്. അത്രയേറെ നല്ല മുഹൂര്‍ത്തങ്ങള്‍ സ്‌ക്രീനില്‍ തന്ന ഒരാളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാകില്ലല്ലോ...