എഴുപതിന്റെ നിറവിലാണ് മമ്മൂട്ടി ഇപ്പോൾ. ഈ പ്രായത്തിലും തിരഞ്ഞെടുക്കുന്ന സിനിമകൾ ഒന്നിനൊന്ന് മികച്ചത്. ആരാധകരെയും നിരൂപകരെയും ഒരുപോലെ ഇമ്പ്രെസ് ചെയ്യിക്കാൻ മമ്മൂട്ടിക്കറിയാം. കാലം മാറുന്നതിനനുസരിച്ച് അപ്‌ഡേറ്റഡ് ആകുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഭ്രമയുഗം, റോഷാക്, കാതൽ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. നിരവധി നടീ നടന്മാരെ മമ്മൂട്ടി അമ്പരപ്പിച്ചിട്ടുണ്ട്. ഫഹദ്, ടൊവിനോ, നിഖില വിമൽ തുടങ്ങി പലരും മമ്മൂട്ടിയുടെ ആരാധകരാണ്. എന്നാൽ, സാക്ഷാൽ മമ്മൂട്ടിയെ ആരാധകനാക്കിയ ഒരു സംവിധായകനുണ്ട്, എം.ടി വാസുദേവൻ നായർ!.
മമ്മൂട്ടിക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ എഴുത്തുകാരനാണ് എം.ടി വാസുദേവൻ നായർ. മനോരധങ്ങൾ എന്ന വെബ്‌സീരീസിലും മമ്മൂട്ടി അടുത്തിടെ അഭിനയിച്ചിരുന്നു. എം.ടിയുടെ ചെറുകഥകൾ ആസ്പദമാക്കി ഇറങ്ങിയ വെബ്‌സീരീസ് ആയിരുന്നു ഇത്. എന്തുകൊണ്ടാണ് മനോരധങ്ങൾ ചെയ്തതെന്ന് പറയുകയാണ് മമ്മൂട്ടി. എം.ടിയോട് ഒരിക്കലും നോ പറയാൻ പറ്റില്ലെന്നാണ് മമ്മൂട്ടിയുടെ പക്ഷം.
എം.ടി വാസുദേവൻ നായർ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞാൽ തനിക്ക് ഉപാധികളോ വ്യവസ്ഥകളോ ഇല്ലെന്ന് മമ്മൂട്ടി പറയുന്നു. എം.ടി തനിക്ക് ഗുരുതുല്യനാണെന്നും മമ്മൂട്ടി പറയുന്നു. താൻ അദ്ദേഹത്തിന്റെ ആരാധകനാണെന്നും അഭിനയ മോഹവുമായെത്തിയപ്പോൾ അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെയാണ് താൻ കണ്ണാടിക്ക് മുന്നിൽ നിന്ന് അഭിനയിച്ച് പഠിച്ചതെന്നും മമ്മൂട്ടി വ്യക്തമാക്കി. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.