മലയാള സിനിമയ്ക്ക് തീരെ പരിചയമില്ലാത്ത കഥാപശ്ചാത്തലങ്ങളും കഥ പറച്ചില്‍ രീതികളും കൊണ്ട് ശ്രദ്ധ നേടിയ സംവിധായകനാണ് ക്രിഷാന്ദ്. വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ക്രിഷാന്ദിന്റെ ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ക്രിഷാന്ദ് സിനിമകള്‍ക്ക് പ്രത്യേകമായ ഒരു ആരാധകകൂട്ടം തന്നെ മലയാളത്തിലുണ്ട്.
ആവാസവ്യൂഹം എന്ന സിനിമയുടെ സമയത്ത് തന്നെ ക്രിഷാന്ദ് എന്ന സംവിധായകനില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് മതിപ്പുണ്ടായതായി മമ്മൂട്ടി തന്നെ പൊതുവേദിയില്‍ തുറന്നുപറഞ്ഞിരുന്നു. ഇതോടെ ഒരു ക്രിഷാന്ദ് മമ്മൂട്ടി സിനിമ അടുത്ത തന്നെ ഉണ്ടാവുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. നിലവില്‍ ഡിനൊ ഡെന്നീസിന്റെ ബസൂക്ക, വൈശാഖിന്റെ ടര്‍ബോ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി വരാനുള്ളത്.
ഇതിന് പിന്നാലെ മമ്മൂട്ടി ചെയ്യുന്ന സിനിമകളില്‍ ഒന്ന് സംവിധാനം ചെയ്യുക ക്രിഷാന്ദായിരിക്കുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ക്രിഷാന്ദിന്റെ പുരുഷപ്രേതത്തില്‍ ഒരു പ്രധാനവേഷം ചെയ്ത നടന്‍ ജഗദീഷാണ് മമ്മൂട്ടി ക്രിഷാന്ദ് സിനിമയെ പറ്റി സൂചന നല്‍കിയത്. കൃഷാന്റിന്റെ കയ്യില്‍ മമ്മൂട്ടിയ്ക്ക് പറ്റിയ കഥകളുണ്ട്. അതില്‍ ഏത് സംഭവിക്കുമെന്ന് പറയാനാകില്ല. ഭാഗ്യവശാല്‍ കയ്യിലുള്ള 2-3 കഥകളിലും ഞാനുണ്ട് ജഗദീഷ് പറയുന്നു.
ഇതിനെ സംബന്ധിച്ച് കൃഷാന്ദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒരു ക്രേസി കഥയാണ് മനസിലുള്ളത്. കുറച്ച് ഇമ്പോസിമ്പിള്‍ എന്ന് പറയാവുന്ന സിനിമയാണ്. അതിനെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ പേടിയുണ്ട്.