അമരത്തില്‍ മലയാളിപ്രേക്ഷകുടെ മനംകവരുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചത്. സ്നേഹത്തിൻറെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിൻറെ കഥ. മുത്തും രാഘവനും തമ്മിലുള്ള സ്നേഹത്തിൻറെ കഥ. അച്ചൂട്ടിയും കൊച്ചുരാമനും തമ്മിലുള്ള സൗഹൃദത്തിൻറെ കഥ. ചെമ്മീനിന് ശേഷം കടലിരമ്പത്തിൻറെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു. ഭരതനായിരുന്നു സംവിധായകൻ.
മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതിലുള്ള സങ്കടം തുറന്നു പറഞ്ഞിരിക്കുകയാണ് നടി കെപിഎസി ലളിത.
എല്ലാം ഒന്നൊന്നിന് മെച്ചമായ അമരത്തിനു പക്ഷേ മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചില്ല. അതാണ് ഏറ്റവും അധികം വിഷമിപ്പിച്ച കാര്യമെന്ന് ലളിത പറയുന്നു.
‘അവാര്‍ഡ് നല്‍കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. കിട്ടാന്‍ ഒരു കാരണം മതി. മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്നും ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്’ കെ.പി.എ.സി ലളിത അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി. എല്ലാ ദുഖങ്ങളും വേദനകളും മനസിലൊതുക്കിപ്പിടിച്ച്, എന്നാല്‍ ഒരു നിറഞ്ഞ ചിരിയിലൂടെ എല്ലാം മറക്കാന്‍ ശ്രമിക്കുന്ന സ്‌നേഹസമ്പന്നനായ അരയനായി 1991 ല്‍ അമരത്തിലൂടെ മമ്മൂട്ടി പ്രേക്ഷകനു മുന്നിലെത്തിയപ്പോള്‍, അത്, മഹാനടന്റെ അഭിനയജീവിതത്തിന്റെ കൊടുമുടി കയറ്റം തന്നെയായിരുന്നു.