90കളിൽ ജനിച്ചുവളർന്നൊരാൾ അയാൾക്ക് പ്രിയപ്പെട്ട ഹിന്ദിഗാനങ്ങളുടെ ഒരു ലിസ്റ്റെടുത്താൽ തീർച്ചയായും കെകെയുടെ ഒന്നിലധികം ഗാനങ്ങൾ അതിൽ ഇടം പിടിച്ചിരിക്കും. ഇമ്രാൻ ഹാഷ്മി തരംഗം ആഞ്ഞടിച്ച ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിൻറെ ഹിറ്റ് ഗാനങ്ങൾക്ക് ഏറെയും സ്വരം പകർന്നത് ഒരു മലയാളിയായിരുന്നു.
ഗാങ്സ്റ്റർ,മർഡർ,ജന്നത്ത് തുടങ്ങിയ സിനിമകളിലൂടെ ഇമ്രാൻ ഹാഷ്മി താരപദവി കീഴടക്കുമ്പോൾ തന്റെ ശബ്ദമാധുര്യത്തിൽ മലയാളികൾക്ക് അന്യം നിന്ന ബോളിവുഡിൽ തന്റെ സാന്നിധ്യമുറപ്പിക്കുകയായിരുന്നു കെകെ. അതിനും മുൻപ് തന്നെ പൽ എന്ന തന്റെ സോളോ ആൽബത്തിലൂടെ സംഗീതലോകത്ത് ചലനങ്ങൾ ഉണ്ടാക്കാൻ കെകെയ്ക്ക് സാധിച്ചിരുന്നു.
പൽ, യാരോൻ തുടങ്ങിയ ഗാനങ്ങൾ സ്‌കൂൾ കോളേജ് ഫെയർവെല്ലുകളുടെ സ്ഥിരം ഗാനങ്ങളാണ് മാറി. അപ്പടിപോട്,ഉയിരിൻ ഉയിരേ,കാതൽ വളർത്തേൻ തുടങ്ങി തമിഴിലും നിരവധി ഹിറ്റുകൾ സൃഷ്ടിക്കാൻ കെകെയ്ക്ക് സാധിച്ചു. ബജ്‌റംഗി ബായിജാൻ എന്ന സിനിമയ്ക്കായി പാടിയ തു ജോ മില എന്ന ഗാനത്തിന് ശേഷം കാര്യമായ ഹിറ്റുകൾ പിറക്കാതെ വരികയും പുതിയ ഗായകർ കളം നിറയുകയും ചെയ്തപ്പോൾ കെകെ ഒന്ന് നിറം മങ്ങിയെങ്കിലും ചുരുക്കം സ്വരങ്ങൾ മാത്രം കേട്ട് ശീലിച്ച ബോളിവുഡിൽ മാറ്റത്തിന്റെ കാറ്റ് കൊണ്ടുവന്നത് ഒരു മലയാളിയാണെന്ന് നമുക്ക് നിസംശയം പറയാം.
കുമാർ സാനുവിലും ഉദിത് നാരായണനിലും ചുരുങ്ങിപോയ ഹിന്ദി സാംഗീതത്തിൽ പിന്നീട് ആത്തിഫ് അസ്‌ലവും ആർജിത് സിങ്ങും ഉണ്ടാവാൻ കാരണമായത് ഒരു സമയത്ത് കെകെ ബോളിവുഡിൽ സൃഷ്ടിച്ചെടുത്ത സ്വീകാര്യതയാണ്. ഹിന്ദി സംഗീതത്തിൽ വിപ്ലവം സൃഷ്ടിച്ച മലയാളി പക്ഷെ മലയാളത്തിൽ ഒരൊറ്റ ഗാനം മാത്രമാണ് പാടിയിട്ടുള്ളത്.. 2009ല്‍ ദീപന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ പുതിയ മുഖം എന്ന ചിത്രത്തിലെ രഹസ്യമായ് എന്ന ഗാനമാണത്. ദീപക് ദേവാണ് ഗാനത്തിന്റെ സംഗീത സംവിധാനം.