'ഉലഗനായകന്‍ വിളി ഇനി വേണ്ട, ഒരു വിശേഷണങ്ങളുടെയും ആവശ്യമില്ല'; ആരാധകരോടു കമല്‍ഹാസന്‍
കമല്‍ഹാസന്‍ എന്നോ കമല്‍, കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി
തന്റെ പേരിനൊപ്പം ഇനി ഒരു വിശേഷണങ്ങളും വേണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. 'ഉലഗനായകന്‍' വിളിയും ആരാധകര്‍ ഒഴിവാക്കണമെന്ന് കമല്‍ ആവശ്യപ്പെട്ടു. സാധാരണക്കാരനായ മനുഷ്യനാണ് താനെന്നും പേരിനൊപ്പം പ്രത്യേക വിശേഷണങ്ങളുടെ ആവശ്യമില്ലെന്നും കമല്‍ സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു.
ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി 'ഉലഗനായകന്‍' എന്ന് തന്നെ വിളിക്കരുതെന്നാണ് കമലിന്റെ അഭ്യര്‍ത്ഥന. കമല്‍ഹാസന്‍ എന്നോ കമല്‍, കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
' എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ 'ഉലഗനായകന്‍' അടക്കമുള്ള പല പേരുകളില്‍ വിളിക്കുന്നതെന്ന് അറിയാം. അത്തരം അഭിനന്ദന വാക്കുകളില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ കലാകാരന്‍ കലയേക്കാള്‍ വലുതല്ലെന്നാണ് എന്റെ അഗാധമായ വിശ്വാസം. എന്റെ അപൂര്‍ണതകളെ കുറിച്ചും മെച്ചപ്പെടുത്താനുള്ള എന്റെ കടമയെ കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേല്‍പ്പറഞ്ഞ ശീര്‍ഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു,' കമല്‍ പറഞ്ഞു.