റിലീസ് പ്രഖ്യാപിച്ച് 'ജാനകി ജാനേ',നൂറ് ശതമാനവും കുടുംബചിത്രം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
, വ്യാഴം, 27 ഏപ്രില്‍ 2023 (11:51 IST)
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ജാനകി ജാനേ. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന ഈ വേളയില്‍ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് തീയതി സന്തോഷമുണ്ടെന്ന് നിര്‍മ്മാതാക്കള്‍. മെയ് 12ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
നിര്‍മ്മാതാക്കളുടെ കുറിപ്പ് വായിക്കാം
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു 'ഉയരെ' ..!
ഗൃഹലക്ഷ്മിയുടെ സിനിമകള്‍ക്ക് കൊടുത്ത അതെ വിശ്വാസം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിച്ച സിനിമയിലും നിങ്ങള്‍ തുടര്‍ന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു 'ഉയരെ' എന്ന ചിത്രത്തിന്റെ മഹാവിജയം.
പ്രേക്ഷകരായ നിങ്ങള്‍ 'ഉയരെ' എന്ന ചിത്രത്തോടൊപ്പം ഞങ്ങള്‍ മൂന്ന് പേരെയും കൂടി ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് ഇനിയും സിനിമകള്‍ചെയ്യണമെന്നുള്ള ആവേശവും ഊര്‍ജ്ജവുമാണ്..
ഉയരെക്ക് ശേഷം ഞങ്ങള്‍ക്കുണ്ടായ കാലതാമസം നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത്‌സൂക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
ആ വിശ്വാസം ഒട്ടും തന്നെ ചോര്‍ന്ന് പോകില്ലെന്ന ഉറപ്പോടെ എസ് ക്യൂബ് ഫിലിംസിന്റെ രണ്ടാമത്തെ ചിത്രവുമായി ഞങ്ങള്‍ തീയറ്ററിലേക്കെത്തുകയാണ്.
'ജാനകി ജാനേ'..!
സൈജു കുറുപ്പും നവ്യാനായരും പ്രധാനവേഷങ്ങളിലെത്തുന്ന ''ജാനകി ജാനെ''യുടെ രചനയും സംവിധാനവും അനീഷ് ഉപാസനയാണ്.
നൂറ് ശതമാനവും കുടുംബചിത്രമാണ് ജാനകി ജാനേ..നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ നമുക്കെല്ലാവര്‍ക്കും പരിചയമുള്ള കഥയും കഥാപാത്രങ്ങളുമാണ് 'ജാനകി ജാനെ'യില്‍..
കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം കൊടുത്ത്‌കൊണ്ടൊരുക്കിയ ''ജാനകി ജാനേ'' നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന പൂര്‍ണ്ണ വിശ്വാസം ഞങ്ങള്‍ക്കുണ്ട്.
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന ഈ വേളയില്‍ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് തീയതി - 2023 May 12 പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷംകൂടി ഈയവസരത്തില്‍ ഞങ്ങള്‍ പ്രേക്ഷകരോട് പങ്ക് വെയ്ക്കുകയാണ്.
ഗൃഹലക്ഷ്മിക്കൊപ്പവും..എസ് ക്യൂബിനൊപ്പവും..ഞങ്ങള്‍ക്കൊപ്പവും യാത്ര ചെയ്ത എല്ലാ മാന്യപ്രേക്ഷകരോടും ഞങ്ങള്‍ ഹൃദയത്തില്‍ തൊട്ട് നന്ദി പറയുന്നു..
എസ് ക്യൂബ് ഫിലീംസ്
ഷെനുഗ
ഷെഗ്‌ന
ഷെര്‍ഗ
Follow Webdunia malayalam
അടുത്ത ലേഖനം