ഒരിക്കല്‍ രാജാവിനെപ്പോലെ വാണ ഒരു വില്ലന്‍. അയാള്‍ നിലംപതിച്ചാല്‍? അതേക്കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ദ്രജിത്തിനും പറയാനുണ്ട്.
അതേ, പരാജയപ്പെട്ട ഒരു വില്ലന്‍റെ കഥയാണ് നരകാസുരന്‍. ‘ധ്രുവങ്കള്‍ 16’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമ. ഇന്ദ്രജിത്തിന് ഈ ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രമാണ്. പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.
അരവിന്ദ് സ്വാമി നായകനാകുന്ന ചിത്രത്തില്‍ ശ്രീയ സരണ്‍, സുദീപ് കിഷന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തുവന്നു. ഒരു തകര്‍പ്പന്‍ ത്രില്ലറായിരിക്കും സിനിമയെന്ന പ്രതീക്ഷ നല്‍കുന്നതാണ് ടീസര്‍. ഗൌതം വാസുദേവ് മേനോനാണ് നരകാസുരന്‍ വിതരണത്തിനെടുത്തിരിക്കുന്നത്. ധ്രുവങ്കള്‍ 16 പോലെ ചിത്രം വന്‍ ഹിറ്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
41 ദിവസങ്ങള്‍ മാത്രമെടുത്താണ് കാര്‍ത്തിക് നരേന്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. “ആദ്യം 37 ദിവസം കൊണ്ട് ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ലൊക്കേഷനിലുണ്ടായ ചില ബുദ്ധിമുട്ടുകള്‍ കാരണം നാലുദിവസം കൂടി വൈകി” - കാര്‍ത്തിക് നരേന്‍ പറയുന്നു.
ആറുമാസത്തെ പ്രീ പ്രൊഡക്ഷന് ശേഷം കൃത്യമായി ചിത്രീകരണം ആരംഭിച്ചതിനാലാണ് ഇത്രയും വേഗത്തില്‍ നരകാസുരന്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായത്. ഊട്ടിയായിരുന്നു പ്രധാന ലൊക്കേഷന്‍.
എന്തുകൊണ്ടാണ് ഈ സിനിമയ്ക്ക് നരകാസുരന്‍ എന്ന് പേരിട്ടതെന്ന് ചിത്രം തുടങ്ങി 10 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകര്‍ക്ക് മനസിലാകുമെന്ന് കാര്‍ത്തിക് നരേന്‍ പറയുന്നു.