ഇന്ത്യയിലേ ചലചിത്രപ്രേമികൾക്ക് വിരുന്നൊരുക്കി ഗോവൻ രാജ്യന്തര ചലച്ചിത്രോത്സവം നടന്നുകൊണ്ടിരിക്കുമ്പോൾ സംഘാടകർക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഐ എഫ് എഫ് ഐ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം മാറിപോയതാണ് വിഷയം. സംഭവം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായപ്പോൾ അധികൃതർ വെബ്സൈറ്റിൽ അബദ്ധം തിരുത്തുകയും ചെയ്തു.
ഐ എഫ് എഫ് ഐ വെബ്സൈറ്റിൽ ഇന്ത്യൻ സിനിമയുടെ അമരക്കാരിലൊരാളായ സത്യജിത് റേയെ പറ്റിയുള്ള ഹോമേജ് വിഭാഗത്തിലാണ് പിശക് സംഭവിച്ചത്. 1989ലെ സത്യജിത് റേ ചിത്രമായ ഗണശത്രു എന്ന സിനിമയെ പറ്റിയുള്ള കുറിപ്പാണ് വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. ഗണശത്രുവിന്റെ സംവിധായകൻ എന്ന പേരിൽ സത്യജിത് റേയെ പറ്റി ഒരു കുറിപ്പും ഒപ്പം വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഐ എഫ് എഫ് ഐ അധികൃതർ സത്യജിത് റേയ്ക്ക് പകരം ഉൾപ്പെടുത്തിയത് പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗുൽസാറിന്റെ ചിത്രവും.
സംഭവം സ്ക്രീൻഷോട്ടുകളായി പ്രചരിക്കാൻ തുടങ്ങിയപ്പോളാണ് ഐ എഫ് എഫ് ഐ അധികൃതർ വെബ്സൈറ്റിലെ തെറ്റ് മനസിലാക്കിയത്. ഇതിനേ തുടർന്ന് അധികൃതർ തെറ്റ് തിരുത്തുകയായിരുന്നു.