പ്രശസ്ത ഛായാഗ്രഹകനായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഒരു സിനിമയുടെ ലൊക്കേഷൻ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ അദ്ദേഹം ലൊക്കേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്രബാബു ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠി കൂടിയായിരുന്ന ജോൺ എബ്രഹാമിന്റെ വിദ്യാർഥികളെ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കെ ജി ജോർജ്, ബാലു മഹേന്ദ്ര എന്നിവരും സഹപാഠികളായിരുന്നു.
മലയാള സിനിമാ ചരിത്രത്തിലെ തന്നെ വലിയ പ്രാധാന്യം അർഹിക്കുന്ന എം ടിയുടെ നിർമാല്യം, കെ ജി ജോർജിന്റെ കോലങ്ങൾ,യവനിക,ആദാമിന്റെ വാരിയെല്ല്, ജിജോയുടെ പടയോട്ടം,ഹരിഹരന്റെ വടക്കൻ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്നു.
ദിലീപിനെ നായകനാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ പണിപുരയിലായിരുന്നെങ്കിലും ചിത്രം ഇതുവരെയും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ദിലീപിന്റെ ജയിൽ വാസം കാരണം ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു.