കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ പുതിയ റിപ്പോർട്ടുകൾ. ഓം പ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ ലിസ്റ്റിൽ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഉൾപ്പെടുന്നുണ്ട്. ലഹരി വിൽപ്പന നടന്നുവെന്ന് സംശയമുള്ള ഓം പ്രകാശിന്റെ ഈ മുറിയിലെത്തിയവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. പ്രായഗയുടെ പേര് പുറത്തുവന്നതോടെ പ്രതികരണവുമായി നടിയുടെ അമ്മ രംഗത്ത്.
ആരോപണം ജിജി മാർട്ടിൻ നിഷേധിക്കുന്നു. പ്രയാഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂവെന്നും അവൾക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നുമാണ് ജിജി മനോരമ ന്യൂസിനോട് പറഞ്ഞത്. വിഷയത്തിൽ ഇതുവരെയും പ്രയാഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല. അന്വേഷണ സംഘത്തിന്റെ ലിസ്റ്റിൽ കൂടുതൽ താരങ്ങൾ ഉണ്ടാകുമോ എന്നും സംശയമുണ്ട്.
ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരുടെ ജാമ്യഹർജി പരിഗണിക്കവെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളുള്ളത്. കൂടുതൽ അന്വേഷണത്തിനായി ഓം പ്രകാശിനെയും ഷിഹാസിനെയും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇരുവർക്കും ജാമ്യം ലഭിച്ചു.