തീയേറ്ററുകളില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം തന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ എത്തുന്നതാണ് പുതിയ രീതി. വിജയുടെ മാസ്റ്ററും മമ്മൂട്ടിയുടെ വണ്‍, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് ദിവസങ്ങള്‍ക്കകം ഒ.ടി.ടി റിലീസ് ചെയ്തിരുന്നു. ഇപ്പോളിതാ മോഹന്‍ലാലിന്റെ അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങളായ ട്വെല്‍ത് മാന്‍, ബ്രോ ഡാഡി എന്നീ സിനിമകള്‍ക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വില ഇട്ടു എന്നാണ് കേള്‍ക്കുന്നത്.
മോഹന്‍ലാലിന്റെ ട്വെല്‍ത് മാന്‍ ചിത്രീകരണം പോലും ആരംഭിച്ചിട്ടില്ല. ബ്രോ ഡാഡി ആകട്ടെ ചിത്രീകരണം പാതിവഴിയില്‍ എത്തിയതേയുള്ളൂ. വന്‍ താരനിര ഉള്ളതിനാല്‍ തന്നെ രണ്ട് ചിത്രങ്ങള്‍ക്കും വന്‍ തുക മുടക്കുവാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാണ്. ട്വെല്‍ത് മാനിന് 35 കോടിയും ബ്രോ ഡാഡിക്ക് 28 കോടിയും വിലയിട്ടു എന്നാണ് കേള്‍ക്കുന്നത്.
നേരത്തെ മോഹന്‍ലാലിന്റെ ദൃശ്യം രണ്ടിന് 30 കോടിയില്‍ അധികം രൂപ ആമസോണ്‍ നല്‍കിയിരുന്നു. ഒരു കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ഴഫഹദ് ഫാസില്‍ ചിത്രം സിയൂ സൂണിന് എട്ടു കോടിയോളം രൂപയാണ് ആമസോണ്‍ പ്രൈം നല്‍കിയത്. ഒ.ടി.ടി റിലീസ് ലക്ഷ്യംവെച്ച് നിര്‍മിച്ച ജോജിയും മികച്ച വിജയം നേടി. 15 കോടിയിലധികം രൂപയ്ക്ക് ആണത്രേ ചിത്രം വിറ്റുപോയത്.
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ മാത്രം റിലീസ് ചെയ്യാനായി അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് വിവരം.