തന്റെ പേരിൽ നടത്തിയ വൻതട്ടിപ്പിലെ പ്രതികളെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ആര്യ. ആര്യയെന്ന പേരിൽ വിവാഹവാഗ്ദാനം നല്‍കി 70 ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ യുവതിയിൽ നിന്നും തട്ടിയെടുത്തത്. യുവതി ചെന്നൈ പോലീസില്‍ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് പോലീസ് ആര്യയെ ചോദ്യം ചെയ്തതോടെയാണ് സംഭവം ജനശ്രദ്ധ നേടുന്നത്. തന്റെ പേരിൽ ആരെങ്കിലും പറ്റിച്ചതാകാമെന്ന് ആര്യ പറഞ്ഞിരുന്നു. ആര്യയാണെന്ന് അവകാശപ്പെട്ട് മൂന്ന് വര്‍ഷത്തോളമാണ് പ്രതികള്‍ യുവതിയെ പറ്റിച്ചത്. അതിനിടെ ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം നടന്നതോടെ യുവതി തകർന്നുപോയി. സയേഷയെ ഉടൻ തന്നെ വിവാഹമോചനം ചെയ്യുമെന്നാണ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചത്.
രണ്ട് വര്‍ഷത്തോളം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ യുവതി ഒടുവില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി വന്നതിന് ശേഷം വലിയ മാനസികസംഘർഷത്തിലൂടെയാണ് കടന്നുപോയതെന്ന് ആര്യ വ്യക്തമാക്കി. യഥാര്‍ഥ പ്രതികളെ പിടികൂടിയ പോലീസിനോടും തന്നെ വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്കും നടന്‍ നന്ദി പറഞ്ഞു. ചെന്നെ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, മുഹമ്മദ് അര്‍മാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.