Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്താണ് തോറാന പെരുന്നാള്‍

ദുക്‌റാനയ്ക്ക് കേരളത്തില്‍ 'തോറാന പെരുന്നാള്‍' എന്ന പേരും ഉണ്ട്

എന്താണ് തോറാന പെരുന്നാള്‍

രേണുക വേണു

, തിങ്കള്‍, 1 ജൂലൈ 2024 (11:58 IST)
ജൂലൈ മൂന്നിനാണ് ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍. കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് 'സെയ്ന്റ് തോമസ് ഡേ' എന്നാണ് ഈ ദിനം ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഇപ്പോഴും ഇത് ദുക്‌റാന തിരുന്നാളാണ്. പ്രചീനകാലം മുതല്‍ അങ്ങനെയാണ് അവര്‍ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാളിനെ വിശേഷിപ്പിച്ചിരുന്നത്. 
 
ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു. 
 
ദുക്‌റാനയ്ക്ക് കേരളത്തില്‍ 'തോറാന പെരുന്നാള്‍' എന്ന പേരും ഉണ്ട്. കേരളത്തിന്റെ കാലാവസ്ഥയുമായി 'തോറാന' എന്ന വാക്കിനു വലിയ ബന്ധമുണ്ട്. കാലവര്‍ഷം അതിശക്തമായി നില്‍ക്കുന്ന സമയത്താണ് വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ വരുന്നത്. ശക്തമായ മഴയും പെരുവെള്ളപ്പാച്ചിലുമാണ് ആ സമയത്ത്. തോരാതെ മഴ പെയ്യുന്ന കാലം ആയതിനാല്‍ മലയാളികള്‍ ദുക്‌റാനയെ 'തോറാന പെരുന്നാള്‍' എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങി. 
 
തോരാതെ മഴ പെയ്യുന്ന തോറാന എന്നാണ് പഴമക്കാരുടെ വിശേഷണം. തൃശൂര്‍ക്കാരിയായ എഴുത്തുകാരി സാറ ജോസഫ് തന്റെ പുസ്തകങ്ങളില്‍ പലയിടത്തും തോറാനയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് ദുക്‌റാന തിരുന്നാള്‍ ദിവസം നിര്‍ത്താതെ മഴ പെയ്യുമെന്നാണ് ക്രൈസ്തവരുടെ വിശ്വാസം. തോറാന പെരുന്നാള്‍ ദിവസം പെരുവെള്ളപ്പാച്ചിലില്‍ കാട്ടില്‍ നിന്ന് ആനയും പുലിയും അടക്കമുള്ള മൃഗങ്ങള്‍ ഒലിച്ചുവരുമെന്ന് പഴമക്കാര്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കല്‍ ശക്തമായ മഴയെ തുടര്‍ന്ന് ദുക്‌റാന തിരുന്നാള്‍ ദിവസം കാട്ടില്‍ നിന്ന് മൃഗങ്ങള്‍ ഒലിച്ചുവന്നതിനു ശേഷമാണ് ഇങ്ങനെയൊരു കഥ പഴമക്കാര്‍ക്കിടയില്‍ സജീവമായത്. 
 
എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

History of Bakrid: ബക്രീദിന് മൃഗങ്ങളെ ബലി കഴിക്കുന്നത് എന്തിനാണ്?