മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.
ലോകമെങ്ങും ക്രിസ്ത്യാനികള്‍ വിശ്വാസപൂര്‍വ്വവും ആഘോഷിക്കുന്ന ഈസ്റ്റര്‍, ചരിത്രവും മിത്തും ഇഴപിരിക്കാനാകാത്ത വിധം ഒന്നു ചേരുന്ന പാരന്പര്യങ്ങളുടെ സമ്മേളനമാണ്. ക്രിസ്ത്യന്‍, ആഗ്‌ളോ സാക്‌സന്‍ ഹീബ്രു പാരന്പര്യങ്ങളുടെ തുടര്‍ച്ചയാണ് പ്രധാനമായും ഇപ്പോഴത്തെ ഈസ്റ്റര്‍ ആഘോഷം.
ആഗ്‌ളോ സാക്‌സന്‍ ജനതയുടെ വസന്തക്കാല ദേവതയായ ഇയോസ്റ്ററിലാണ് ചരിത്രപണ്ഡിതന്മാര്‍ ഈസ്റ്ററിന്റെ ആദിമമിത്ത് കണ്ടെത്തുന്നത്. ഏപ്രില്‍ മാസത്തിലെ ദേവതയായ ഇയോസ്റ്ററാണ് തങ്ങള്‍ക്ക് സര്‍വ്വെശ്വര്യങ്ങളുടെയും വസന്തക്കാലം സമ്മാനിക്കുന്നതെന്ന് ആഗ്‌ളോ സാക്‌സന്‍ ജനത വിശ്വസിച്ചുപോരുന്നു.
മത പരിവര്‍ത്തനത്തിനായി അവരുടെ മണ്ണില്‍ കാലു കുത്തിയ ക്രിസ്ത്യന്‍ മിഷനറി മാര്‍ക്കാകട്ടെ രൂഢമൂലമായിക്കഴിഞ്ഞ ഈ മിത്തിനെ മാമ്മോദീസാ മുക്കി ക്രിസ്തുമതത്തിലേക്ക് സ്വീകരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. ക്രിസ്തുവിന്റെ പുനരുദ്ധാരണം നടന്നത് വസന്തകാലത്തായിരുന്നുവെന്നത് ഇതിനെ എളുപ്പമാക്കി.
ആദ്യ കാലങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത് ഇന്നത്തെപ്പോലെ ഞായറാഴ്ചയായിരുന്നില്ല. റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിന്‍ ആണ്, എ.ഡി. 325 ല്‍ ഇസ്റ്റര്‍ ആഘോഷം ഞായറാഴ്ചയായി തീരുമാനിച്ചത്. വസന്തക്കാലത്തിലെ ആദ്യപൂര്‍ണ്ണചന്ദ്രനുശേഷം വരുന്ന ഞായറാഴ്ച, കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി ഈസ്റ്ററായി പ്രഖ്യാപിക്കുകയായിരുന്നു.