Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചലച്ചിത്രലോകത്തെ സൌമ്യസാന്നിധ്യം - രവി വള്ളത്തോള്‍ ഓര്‍മ്മയാകുമ്പോള്‍

ചലച്ചിത്രലോകത്തെ സൌമ്യസാന്നിധ്യം - രവി വള്ളത്തോള്‍ ഓര്‍മ്മയാകുമ്പോള്‍

എം ജി രവിശങ്കരന്‍

, ശനി, 25 ഏപ്രില്‍ 2020 (15:09 IST)
ലോഹിതദാസിന്‍റെ എഴുത്തില്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത ഒരു സിനിമയുണ്ട് - സാഗരം സാക്ഷി. അത് സിബിക്ക് ലോഹിയെഴുതിയ അവസാനത്തെ തിരക്കഥയായിരുന്നു. ആ ചിത്രത്തില്‍ രാധാകൃഷ്ണന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രവി വള്ളത്തോളാണ്. രവിയുടെ കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയിട്ടുള്ളത് അതാണ്.
 
വളരെ ശാന്തനും പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്നവനും സ്നേഹസമ്പന്നനും ഒതുങ്ങിക്കൂടുന്നവനുമായ കഥാപാത്രമായിരുന്നു രാധാകൃഷ്ണന്‍ നായര്‍. യഥാര്‍ത്ഥ ജീവിതത്തില്‍ രവി വള്ളത്തോളും അങ്ങനെയായിരുന്നു. ആ കഥാപാത്രത്തെ രവിക്ക് നല്‍കാം എന്ന് ലോഹിക്കും സിബിക്കും തോന്നിയതില്‍ അത്‌ഭുതമില്ല. അങ്ങനെയൊരു കഥാപാത്രത്തെ രവിയോളം ഉള്‍ക്കൊള്ളാന്‍ കഴിയുക മറ്റാര്‍ക്കാണ് !
 
സാഹിത്യ - സാംസ്‌കാരിക രംഗത്തെ വലിയ പേരുകളുടെ പാരമ്പര്യമാണ് രവി വള്ളത്തോളിനുള്ളത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍റെ മരുമകന്‍. നാടകാചാര്യന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെ മകന്‍. എന്നാല്‍ ഒരിക്കലും, ഒരിടത്തും ആ പാരമ്പര്യത്തിന്‍റെ പെരുമ പറയുകയോ തലപ്പൊക്കം കാട്ടുകയോ രവി വള്ളത്തോള്‍ ചെയ്‌തിട്ടില്ല.
 
സിബിയുടെ തന്നെ നീ വരുവോളം എന്ന സിനിമയിലെ കഥാപാത്രവും മനസില്‍ തൊടുന്നതായിരുന്നു.  അടൂരിന്‍റെ നാലുപെണ്ണുങ്ങണും വിധേയനുമൊക്കെ രവിയുടെ മികച്ച കഥാപാത്രങ്ങളെ നല്‍കി. വമ്പന്‍ ഹിറ്റുകളായ ഗോഡ്‌ഫാദറിലും കമ്മീഷണറിലുമൊക്കെ അഭിനയിച്ചു. അമ്പതോളം സിനിമകളില്‍ അഭിനയിച്ചതില്‍ പലതിലും തന്‍റേതായ രീതിയിലുള്ള പതിഞ്ഞ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്.
 
നടന്‍ എന്നതിലുപരി മികച്ച ഒരു കഥാകൃത്തായിരുന്നു രവി വള്ളത്തോള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌‌ത ഹിറ്റ് ചിത്രം ‘രേവതിക്കൊരു പാവക്കുട്ടി’യുടെ കഥ രവിയുടേതായിരുന്നു. ഇരുപത്തഞ്ചോളം കഥകള്‍ എഴുതിയതില്‍ ചിലത് ടെലിവിഷന്‍ പരമ്പരകളായി. 
 
സീരിയലുകളില്‍ ഒരുകാലത്ത് സൂപ്പര്‍താര പരിവേഷത്തോടെ നിറഞ്ഞുനിന്നിട്ടുണ്ട് രവി വള്ളത്തോള്‍. മിനി‌സ്ക്രീന്‍ താരങ്ങളുടെ സംഘടനയായ ആത്‌മയുടെ ആദ്യകാല ഭാരവാഹി ആയിരുന്നു. മികച്ച നടനുള്ള സംസ്ഥാന ടി വി അവാര്‍ഡ് രവി വള്ളത്തോളിന് ലഭിച്ചിട്ടുണ്ട്. 
 
രവി വള്ളത്തോള്‍ മറയുമ്പോള്‍ ബാക്കിയാകുന്നത് അദ്ദേഹം സിനിമകളിലും സീരിയലുകളിലും അവശേഷിപ്പിച്ച സൌമ്യത തുളുമ്പുന്ന ഒട്ടനവധി കഥാപാത്രങ്ങളുടെ ഓര്‍മ്മകളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ രവി വള്ളത്തോൾ അന്തരിച്ചു