1993ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദേവാസുരം. ഇപ്പോഴും മിക്ക ദിവസവും ടി വിയില്‍ മലയാളികള്‍ ആ സിനിമ കണ്ടുകൊണ്ടിരിക്കുന്നു. ഇന്ന്, ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെയും ഏഷ്യാനെറ്റില്‍ ആ സിനിമയുണ്ടായിരുന്നു. ദേവാസുരം ടി വി സ്ക്രീനില്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് അതിന്‍റെ സംവിധായകന്‍ ഐ വി ശശി ജീവിതത്തിന്‍റെ ഉത്സവം അവസാനിപ്പിച്ച് മടങ്ങിയത്.
നാലുപതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടെ ഐ വി ശശി സംവിധാനം ചെയ്തത് 150ലേറെ സിനിമകള്‍. അതില്‍ നൂറിലേറെ വമ്പന്‍ ഹിറ്റുകള്‍. ആഹാരമോ ഉറക്കമോ വേണ്ടെന്നുവച്ച് ഐ വി ശശി സൃഷ്ടിച്ചത് ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ബോക്സോഫീസ് റെക്കോര്‍ഡുകളായിരുന്നു.
1977 എന്ന വര്‍ഷം മനസിലേക്ക് വരുന്നു. ആശീര്‍വാദം, അഞ്ജലി, അകലെ ആകാശം, അംഗീകാരം, അഭിനിവേശം, ഇതാ ഇവിടെ വരെ, ആ നിമിഷം, ആനന്ദം പരമാനന്ദം, അന്തര്‍ദ്ദാഹം, ഹൃദയമേ സാക്ഷി, ഇന്നലെ ഇന്ന്, ഊഞ്ഞാല്‍ എന്നിങ്ങനെ 12 സിനിമകളാണ് ആ വര്‍ഷം ഐ വി ശശിയുടേതായി പുറത്തുവന്നത്. ഇന്ന് ഒന്നോ രണ്ടോ സിനിമകള്‍ സംവിധാനം ചെയ്യുമ്പോഴേക്കും ഉള്ളിലെ അഗ്നി അണഞ്ഞുപോകുന്ന സംവിധായകര്‍ ഐ വി ശശിയുടെ ഈ ട്രാക്ക് റെക്കോര്‍ഡിനെ എങ്ങനെ നോക്കിക്കാണും എന്ന് വ്യക്തതയില്ല. സിനിമയായിരുന്നു ഐ വി ശശിക്ക് എല്ലാം. ജീവിതവും പ്രാണനും ഭക്ഷണവും ഉറക്കവുമെല്ലാം സിനിമയായിരുന്നു. മറ്റൊരു വിഷയത്തേക്കുറിച്ചുള്ള ചിന്തയോ സംസാരമോ പോലുമില്ല.
പുലിമുരുകന്‍ വലിയ തരംഗം സൃഷ്ടിച്ചപ്പോഴും ആരും മൃഗയ മറക്കാതിരുന്നത് ഐ വി ശശി എന്ന ക്രാഫ്‌റ്റ്സ്മാന്‍റെ വിജയമാണ്. വാറുണ്ണി എന്ന കഥാപാത്രവും മൃഗയയില്‍ പുലിയുമായുള്ള സാഹസിക രംഗങ്ങളും മൃഗയ കണ്ടിട്ടുള്ളവര്‍ ജീവകാലം മറക്കുമോ? അന്ന് ഗ്രാഫിക്സിന്‍റെ കള്ളത്തരമൊന്നും ഇല്ലെന്നുകൂടി ആലോചിക്കുമ്പോഴാണ് ഐ വി ശശിയെന്ന സംവിധായകന്‍റെ മൂല്യം തിരിച്ചറിയുന്നത്.
ഒരു ഫ്രെയിമില്‍ പത്തുപേരെ ഉള്‍പ്പെടുത്തിയാല്‍ ടെന്‍ഷനടിച്ച് കണ്‍ട്രോളുപോകുന്ന സംവിധായകരും സംവിധാനം എന്തെന്നുപഠിക്കണമെങ്കില്‍ ഐ വി ശശി ചിത്രങ്ങളിലേക്ക് നോക്കണം. ആയിരമോ രണ്ടായിരമോ പേര്‍ ഫ്രെയിമിലേക്ക് വന്നാലും ഐ വി ശശിക്ക് ആവേശം മാത്രം. ഈനാട്, ഇന്‍സ്പെക്ടര്‍ ബല്‍റാം, അങ്ങാടി, വാര്‍ത്ത, അടിമകള്‍ ഉടമകള്‍, 1921 തുടങ്ങി ദേവാസുരം വരെ ആ ആള്‍ക്കൂട്ടത്തിന്‍റെ കല നമ്മള്‍ കണ്ടു.
എന്നും വലിയ സിനിമകളോടും വലിയ ക്യാന്‍വാസുകളോടുമായിരുന്നു ഐ വി ശശിക്ക് താല്‍പ്പര്യം. ചെറിയ കഥകള്‍ ഇടയ്ക്ക് മാത്രം ചെയ്യുന്ന പരീക്ഷണങ്ങള്‍. ഒരുപാട് കഥാപാത്രങ്ങളുള്ള സംഘര്‍ഷഭരിതമായ സിനിമകളായിരുന്നു പ്രിയപ്പെട്ട മേഖല. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ എക്കാലത്തെയും മാസ് ഡയറക്ടര്‍ ഐ വി ശശി തന്നെയാണ്.
കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കി ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ഐ വി ശശി ആ സ്വപ്നം ബാക്കിവച്ചാണ് മടങ്ങുന്നത്. ഒരിക്കലും മടങ്ങിവരാത്ത യാത്ര. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ആ 150 സിനിമകളുണ്ട്. അവ ഓരോന്നോരോന്നോരോന്നായി മലയാളികളുടെ മനസിന്‍റെ തിരശ്ശീലയില്‍ എന്നെന്നും ഓടിക്കൊണ്ടേയിരിക്കും. അവിടെ ഒരിക്കലും മങ്ങാത്ത മഞ്ഞനിറമുള്ള അക്ഷരങ്ങളില്‍ ‘സംവിധാനം - ഐ വി ശശി’ എന്ന ടൈറ്റില്‍ കാര്‍ഡും.
ചിത്രത്തിന് കടപ്പാട്: പത്മേന്ദ്രപ്രസാദ്