മോഹന്‍ലാലിന്‍റെ ബ്രഹ്‌മാണ്ഡചിത്രം ഒടിയന്‍ പ്രദര്‍ശനത്തിന് തയ്യാറാകുകയാണ്. മലയാളം ഇതുവരെ കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ സിനിമ. ‘ഒടിയന്‍ മാണിക്യന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ഒടിയനെക്കുറിച്ച് സിനിമ ചെയ്യാന്‍ പ്രേരണ നല്‍കിയ സംഭവത്തേക്കുറിച്ച് ഹരികൃഷ്ണന്‍ പറയുന്നു.
“കുറച്ചുകാലം മുമ്പ് ഞാന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിക്കെ, അവരുടെ ക്രിയേറ്റുവിറ്റി പരിശോധിക്കാന്‍ ഒരു ടെസ്റ്റ് നടത്തിയിരുന്നു. ‘അവസാനത്തെ ഒടിയനെ കാണാന്‍ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് പാലക്കാട്ടെത്തിയാല്‍’ എന്നതായിരുന്നു ടെസ്റ്റിന്‍റെ വിഷയം. ഈ തീം എന്‍റെ മനസില്‍ പതിഞ്ഞു. അതിലെ ‘അവസാനത്തെ’ എന്ന വാക്കാണ് ഈ ചിത്രത്തിലേക്ക് എത്തിച്ചത്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കി.
കേരളത്തിലെ അവസാനത്തെ ഒടിയന്‍റെ കഥയാണ് ‘ഒടിയന്‍’ പറയുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് തുടങ്ങിയവരും ഒടിയനിലെ പ്രധാന താരങ്ങളാണ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി ചെയ്യുന്ന ഒടിയന്‍റെ ക്യാമറ ഷാജികുമാറാണ്.